തൊടുപുഴ: സർക്കാർ റഫർ ചെയ്യുന്ന കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനോട് ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്ക് വൈമുഖ്യം. ഇടുക്കിയും കാസർഗോഡുമൊഴിച്ച് ബാക്കിയെല്ലാ ജില്ലകളിലെയും സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകും. ഇതിന് നിശ്ചിത തുകയും സർക്കാർ ഇവർക്ക് നൽകും. എന്നാൽ ഇടുക്കിയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്വകാര്യആശുപത്രി പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും ആരും ഇതിന് തയ്യാറല്ലായിരുന്നു. വെന്റിലേറ്ററുള്ള മുറിക്ക് ഒരു ദിവസം 11,500 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും സ്വകാര്യ ആശുപത്രികൾ ഇത് സ്വീകരിച്ചില്ല. കൊവിഡ് ചികിത്സ ആരംഭിച്ചാൽ മറ്റ് രോഗികളൊന്നും ആശുപത്രിയിലെത്തില്ലെന്ന താണ് അവരുടെ ആശങ്ക. ചില ആശുപത്രികൾ ഒരു ബ്ലോക്ക് മാത്രം വിട്ടുതരാമെന്ന് അറിയിച്ചു. എന്നാൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സർക്കാർ തന്നെ നൽകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. നിലവിൽ ജില്ലയിൽ 374 രോഗികളാണ് ചികിത്സയിലുള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഉള്ളതിനാൽ ഇപ്പോൾ പ്രതിസന്ധിയില്ല. ഭാവിയിൽ രോഗികളുടെ എണ്ണം കൂടി സർക്കാർ സംവിധാനത്തിൽ ചികിത്സയ്ക്ക് സൗകര്യമില്ലാതെ വരുന്ന ഘട്ടത്തിലാണ് സ്വകാര്യ ആശുപത്രികൾ ആവശ്യമായി വരിക. മറ്റ് ജില്ലകളെ അപേക്ഷിച്ച് വെന്റിലേറ്റർ സൗകര്യമുള്ള സ്വകാര്യ ആശുപത്രികൾ ജില്ലയിൽ കുറവാണെന്നതും ഒരു കാരണമാണ്.
'ഒരു വട്ടം സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ല. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ നിലവിൽ ജില്ലയിൽ അടിയന്തരഘട്ടമില്ല. എന്നാൽ ഭാവിയിൽ അത്തരമൊരു സാഹചര്യമുണ്ടായാൽ സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കാൻ സർക്കാരിന് അവകാശമുണ്ട് "
- എച്ച്. ദിനേശൻ , ഇടുക്കി ജില്ലാ കളക്ടർ