മുട്ടം: പെരുമറ്റം കനാലിന് സമീപം പ്ലാസ്റ്റിക്ക് കൂടിൽ നിറച്ച മാലിന്യം തള്ളിയ കോതമംഗലം കുട്ടമ്പുഴ സ്വദേശി ബേസിൽ കുര്യനെ മുട്ടം സ്റ്റേഷനിലെ എസ് ഐ പി എസ് ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 11 നാണ് സംഭവം. എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് മലങ്കര ഭാഗത്തേക്ക്‌ വാഹനത്തിൽ വരുമ്പോഴാണ് റോഡരുകിൽ മാലിന്യം തള്ളുന്നതായി ശ്രദ്ധയിൽപെട്ടത്. ഏതാനും രൂക്ഷമായ ദുർഗന്ധമുള്ള അവശിഷ്ടങ്ങളാണ് വലിയ പ്ലാസ്റ്റിക്ക് കൂടുകളിൽ നിറച്ച് റോഡരുകിൽ തള്ളിയത്. ബേസിൽ കുര്യന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. വിദൂര സ്ഥലങ്ങളിൽ നിന്ന് ശങ്കരപ്പള്ളി, മലങ്കര, തുടങ്ങനാട്, ഇടപ്പള്ളി, മലങ്കര ജലസംഭരണി എന്നിവിടങ്ങളിൽ ശൗചാലയ മാലിന്യങ്ങൾ ഉൾപ്പെടെ വ്യാപകമായി തള്ളുന്നത് പതിവായിരുന്നു. രാത്രി കാലങ്ങളിലാണ് കൂടുതലായി തള്ളിയിരുന്നത്. ഇതേ തുടർന്ന് മുട്ടം പൊലീസിന്റെ നേതൃത്വത്തിൽ രാത്രി കാലങ്ങളിൽ ഉൾപ്പെടെ മഫ്തിയിലും പരിശോധന കർക്കശമാക്കിയിരുന്നു. ആലുവ, ഈരാറ്റുപേട്ട, പെരുമ്പാവൂർ പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിൽ എത്തി മുട്ടം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളിയവരെ പിടി കൂടി പിഴ അടപ്പിക്കുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.