തൊടുപുഴ: അതി തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ ഇന്നലെ കനത്ത മഴ ലഭിച്ചു. ജില്ലയിൽ ഇന്നലെ 16.08 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. തൊടുപുഴ, പീരുമേട് താലൂക്കുകളിലാണ് കൂടുതൽ മഴ പെയ്തത്. ചൊവ്വാഴ്ച മുതലാണ് മഴയ്ക്ക് തീവ്രതയേറിയത്. എന്നാൽ കാര്യമായ നാശ നഷ്ടങ്ങൾ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. നെടുങ്കണ്ടത്ത് മൂന്നിടത്ത് ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. അടിമാലി കരടിപ്പാറയ്ക്ക് സമീപം കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ റോഡിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഉപ്പുതറയ്ക്ക് സമീപം ചപ്പാത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ആട്ടോറിക്ഷയ്ക്ക് മേൽ മരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ചപ്പാത്ത് പുത്തൻവീട്ടിൽ മനോജ് നാരായണനാണ് കാൽമുട്ടിന് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തരയോടെ ചപ്പാത്തിൽ നിന്ന് പച്ചക്കാടിന് സവാരി പോകുന്നതിനിടെ തിട്ടയിൽ നിന്ന മരം ഒടിഞ്ഞ് ആട്ടോറിക്ഷയുടെ മുൻഭാഗത്ത് വീഴുകയായിരുന്നു. ഗ്രാസിനും തകിടിനും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്കാർക്കും പരിക്കില്ല. പരിക്കേറ്റ മനോജിനെ ആലടി പി.എച്ച്.സിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഴയുടെ അളവ് (മില്ലിമീറ്ററിൽ)​

ഉടുമ്പഞ്ചോല- 2.2

ദേവികുളം- 2.6

പീരുമേട്- 31

തൊടുപുഴ- 39.2

ഇടുക്കി- 5.4

ഡാമുകളിൽ ജലനിരപ്പ് കൂടി

മഴ കനത്തതോടെ ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പ് കൂടുകയാണ്. മുൻകരുതലിന്റെ ഭാഗമായി മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2333.44 അടിയാണ്. സമുദ്ര നിരപ്പിൽ നിന്നുള്ള അണവാണിത്. പരമാവധി സംഭരണശഷി 2403 അടിയാണ്. മുല്ലപ്പെരിയാർ ഡാമിലെ 114.70 മീറ്ററാണ്.

ജില്ല ജാഗ്രതയിൽ

ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാദ്ധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും നിർദേശമുണ്ട്. രാത്രി കാലങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ട് ദുരന്ത സാധ്യത മേഖലയിലുള്ളവർക്ക് മുൻകൂട്ടി ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ അറിയിക്കുകയും പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്നും നിർദേശമുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ മറക്കരുത്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നവർ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്ന് ദുരന്തനിവാരണ അതോറിട്ടി വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലു വിഭാഗത്തിലായാണ് ക്യാമ്പുകൾ സജ്ജമാക്കേണ്ടത്.