കട്ടപ്പന: ഇ.എസ്.എ വിഷയത്തിൽ നാടിനു വേണ്ടി പ്രവർത്തിക്കുന്ന ഡീൻ കുര്യാക്കോസ് എം പിയെ ഒറ്റപ്പെടുത്തി സി.പി.എം. ചട്ടുകമായി മാറിയ ഹൈറേഞ്ച് സംരക്ഷണ സമിതി ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. സംസ്ഥാനത്തെ ഇ.എസ്.എ സംബന്ധിച്ച് കേന്ദ്രം ആധികാരികമായി കണക്കാക്കുന്നത് സംസ്ഥാന സർക്കാരിന്റെ ശുപാർശപ്രകാരം 8656.46 ചതുരശ്ര കിലോമീറ്റർ ആണെങ്കിൽ കൂടുതൽ സന്തോഷമേ ഉള്ളൂ. പക്ഷേ കഴിഞ്ഞ നാല് വർഷമായി എൽ.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ യു.ഡി.എഫ് സർക്കാർ ചെയ്തതിനപ്പുറം എന്തു ചെയ്തുവെന്ന് വ്യക്തമാക്കണം.
2014 മാർച്ച് 10 ന് ആദ്യ കരടു വിജ്ഞാപനത്തിലും ഉമ്മൻ വി ഉമ്മൻ ശുപാർശ, കേന്ദ്രത്തിൽ അംഗീകരിക്കപ്പെടുന്നതിന് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എന്തൊക്കെ തുടർ പ്രവർത്തനങ്ങൾ നടത്തിയെന്നു പറയണം. വിഷയത്തിൽ ഒന്നും ചെയ്യാതെ വീണ്ടും ഇ.എസ്.എ പ്രശ്‌നം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള സി.പി.എം ന്റെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും ഗൂഡാലോചനയാണ് എം.പി. ക്കെതിരെയുള്ള പ്രസ്താവനയ്ക്കു പിന്നിലുള്ളത്. ബി.ജെ.പി ഉൾപ്പെടെയുള്ള കക്ഷി നേതാക്കളുടെ യോഗം വിളിച്ച് ഐക്യകണ്‌ഠേന മലയോര ജനതയുടെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കാൻ ഇനിയും വൈകരുത്.
ഇപ്പോഴത്തെ അഭിപ്രായം മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രേഖപെടുത്താതെ ഇപ്പോൾ ഇ.എസ്.എ വിസ്തൃതി കുറച്ചുവെന്നവകാശപ്പെടുന്നത് രാഷ്ട്രീയ തട്ടിപ്പാണ്. ഗോവ ഫൗണ്ടേഷൻ സുപ്രീംകോടതിയിൽ നൽകിയ കേസ്സിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച നടപടിയെ തുടർന്ന് ഏറ്റവും കാര്യക്ഷമതയുള്ള നിയമജ്ഞനെ നിയമിക്കേണ്ടതായിട്ടുണ്ട്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ട ഘട്ടമെത്തിയപ്പോൾ ഉണ്ടായ സുപ്രീംകോടതി നോട്ടീസ് സർക്കാർ ഗൗരവമായി എടുക്കണം.