വീടുകളിൽ പ്രാർത്ഥന നടത്തിയ പാസ്റ്റർക്കും കൊവിഡ്
തൊടുപുഴ: പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ 34 പേർക്ക് ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിലൊരാളുടെ ഉറവിടമറിയില്ല.
രോഗികളിൽ നിരവധി പേരുമായി സമ്പർക്കമുള്ള പാസ്റ്ററും പള്ളി വികാരിക്കും കൈക്കാരനുമുണ്ട്. വണ്ണപ്പുറം, കോടിക്കുളം പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമാണ് ഇന്നലെ ഏറ്റവുമധികം സമ്പർക്കരോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇന്നലെ 20 പേർ രോഗമുക്തരായി. കണ്ടെയിൻമെന്റ് മേഖലകളിലെ വീടുകളിൽ പ്രാർത്ഥന നടത്തിയപ്പോഴുണ്ടായ സമ്പർക്കമാണ് പീരുമേട് സ്വദേശിയായ പാസ്റ്റർക്ക് (59) രോഗം പകർന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് കറങ്ങി നടന്ന ഇയാളെ പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് പിടികൂടി നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
ഉറവിടമറിയില്ല
ഏലപ്പാറ സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് (45) എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. പാലക്കാട് ഡിപ്പോയിലാണ് ജോലി.
എ.എസ്.ഐയ്ക്ക് മുള്ളരിങ്ങാട് നിന്ന്
മറയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് (48) മുള്ളരിങ്ങാട് നിന്നാണ് രോഗം പകർന്നിരിക്കുന്നത്. ജൂലായ് 10ന് നടന്ന പള്ളിക്കൈമാറ്റത്തിൽ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. 17ന് രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കമുണ്ടായിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം മൂന്നായി. മുള്ളരിങ്ങാട് നിന്ന് തന്നെയാണ് സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും രോഗം പകർന്നത്.
വികാരിക്കും കൈക്കാരനും രോഗം
ഉപ്പുതറയിൽ ഇടവക വികാരിക്കും കൈക്കാരനും രോഗം പകർന്നത് നേരത്തേ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയിൽ നിന്നാണ്. ഇവരുടെ വീട് വെഞ്ചരിക്കാനായി ഇരുവരും പോയിരുന്നു. പുളിങ്കട്ടയിലെ ആട്ടോഡ്രൈവർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നിട്ടുണ്ട്. ജൂലായ് 13ന് രോഗം സ്ഥിരീകരിച്ച മൃഗാശുപത്രി ജീവനക്കാരൻ ഇയാളുടെ ആട്ടോറിക്ഷയിൽ പലതവണ സഞ്ചരിച്ചിരുന്നു.
കുടുംബത്തിലെ നാല് പേർക്ക്
മുള്ളരിങ്ങാട് ഒരു കുടുംബത്തിലെ നാല് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നിരിക്കുന്നത്. ഇതിൽ രണ്ട് വൃദ്ധരും (80, 73) മൂന്ന് വയസുകാരിയും ഉൾപ്പെടുന്നു.
ആന്റിജൻ പരിശോധന
കരിങ്കുന്നം സ്വദേശിനി (75), വണ്ണപ്പുറം സ്വദേശിനി (33).
മറ്റ് സമ്പർക്ക രോഗികൾ
കാന്തല്ലൂർ സ്വദേശി (55), കരിങ്കുന്നം സ്വദേശിനി (34), പുളിയൻമല സ്വദേശിനികൾ (30, 11), വെള്ളയാംകുടി സ്വദേശികൾ (45, 8), കുമളി സ്വദേശി (എട്ട്), മൂന്നാർ സ്വദേശി (36), കോടിക്കുളം സ്വദേശികൾ (60, 52, 29), രാജാക്കാട് സ്വദേശി (46), കുളമാവ് സ്വദേശി (28)
ആഭ്യന്തര യാത്ര
ചിന്നക്കനാൽ സ്വദേശികളായ ദമ്പതികൾ (64, 63)
ഏലപ്പാറ സ്വദേശി (26), പള്ളിവാസൽ സ്വദേശി (28), മറയൂർ സ്വദേശിനി (29), പീരുമേട് സ്വദേശിനി (59), വണ്ടിപ്പെരിയാർ സ്വദേശി (32).
വിദേശയാത്ര
കാഞ്ചിയാർ സ്വദേശിനി (32), വണ്ണപ്പുറം സ്വദശി (55)