അടിമാലി : പരമ്പരാഗത പഠന വിഷയങ്ങളിൽനിന്ന് വഴിമാറി വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സിൽ അടിമുടി മാറ്റമായി. പ്രത്യേക തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി കൂടി ഉൾപ്പെടുത്തിയാണ് മാറ്റം. ഇനി മുതൽ ഹയർസെക്കൻഡറി സർട്ടിഫിറ്റിനൊപ്പം ദേശീയാംഗീകാരമുള്ള സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് ലഭിക്കും. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്.ക്യു.എഫ്) പദ്ധതിക്കാണ് തുടക്കമിടുന്നത്. ഇതിനകം ഈ സർട്ടിഫിക്കറ്റുമായി ആദ്യ ബാച്ച് കുട്ടികൾ പുറത്തിറങ്ങി കഴിഞ്ഞു. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ ജോലികൾക്ക് എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റുകൾ പരിഗണിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. ഈ അക്കാഡമിക വർഷം സംസ്ഥാന സർക്കാർ 389 സ്കൂളുകളിൽ എൻ.എസ്.ക്യു.എഫ് തൊഴിലധിഷ്ഠിതമായ വിവിധതരത്തിലുള്ള കോഴ്സുകൾ ആരംഭിക്കും. ആഗോള തൊഴിൽ മേഖലകളോട് കിടപിടിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്നതാകും സിലബസ്. പഠിക്കുന്ന കോഴ്‌സിൽ ആഭിമുഖ്യം വളർത്തുന്നതിനും ബന്ധപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ പരിചയപ്പെടുന്നതിനും വിദ്യാലയത്തിന് പുറത്ത് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിന് കരിയർ സെൽ ഡയറക്ടറേറ്റ് തലത്തിൽ പ്രവർത്തിക്കും.
=മാറുന്ന ലോകത്തിന്റെ മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും ഉപരിപഠന സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന തലത്തിൽ കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലും പ്രവർത്തനമാരംഭിക്കും.
=എല്ലാ റീജണൽ തലത്തിലും കോഴ്‌സ് പാസായ വിദ്യാർത്ഥികൾക്ക് തൊഴിൽ മേള സംഘടിപ്പിക്കും.ഗുണമേൻമയുള്ള നൈപുണി പരിശീലനം ഉറപ്പാക്കുന്നതിന് കേരള സർക്കാർ പ്രശസ്ത തൊഴിൽ ശാലകളുടെ പരിശീലന പങ്കാളിത്തത്തോടു കൂടിയാണ് ഈ കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു.
കോഴ്സുകൾ
ഈ സെക്ടറുകളിൽ
അഗ്രികൾച്ചർ, ഇലക്ട്രോണിക്‌സ് ആന്റ് ഹാർഡ് വെയർ
, മീഡിയ ആന്റ് എന്റർടൈൻമെന്റ്,
ഐ. ടി അധിഷ്ഠിത സർവീസുകൾ,
പവർ സെക്ടർ, ആട്ടോമോട്ടീവ്,
കൺസ്ട്രക്ഷൻ, ടെക്‌സ്‌റ്റൈൽസ് ആന്റ് ഹാന്റ് ലൂം,
അപ്പാരൽ,
കെമിക്കൽ ആന്റ്പെട്രൊ കെമിക്കൽ,
ടെലികോം,
ഇന്ത്യൻ പ്ലമ്പിംഗ് അസോസിയേഷൻ,
ഹെൽത്ത് കെയർ, ബ്യൂട്ടി ആന്റ് വെൽനെസ്,
ഫുഡ് ഇന്റസ്ട്രി കപ്പാസിറ്റി ആന്റ്സ്‌കിൽ ഇനിഷിയേറ്റിവ്,
സ്‌പോർട്‌സ്,
ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ്ആന്റ് ഇൻഷുറൻസ്,
ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആന്റ് ഫെസിലിറ്റി മാനേജ്‌മെന്റ്.