കട്ടപ്പന: കണ്ടെയ്‌മെന്റ് സോണിൽ നിയമമൊന്നും ബാധകമല്ലെന്ന തരത്തിൽ പൊലീസുകാരന്റെ പെരുമാറ്റം. പുളിയൻമല വാർഡിലെ കടുക്കാസിറ്റിയിലേക്കുള്ള അടച്ചുകെട്ടിയ റോഡിലെ കയറും മറ്റു സാമഗ്രികളും പൊളിച്ചുനീക്കിയാണ് രാവിലെയും വൈകിട്ടും പൊലീസ് ഉദ്യോഗസ്ഥൻ കാറിൽ യാത്ര ചെയ്യുന്നത്.
സമ്പർക്ക രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് കട്ടപ്പന നഗരസഭയിലെ 15ാം വാർഡായ പുളിയൻമല കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതേ വാർഡിൽപെട്ട ആദിവാസിക്കുടിയായ ശിവലിംഗക്കുടിയിലേക്കുള്ള റോഡ് കടുക്കാസിറ്റിയിൽ അടച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പത്തോളം പേരാണ് ശിവലിംഗക്കുടിയിലുള്ളത്. സമീപപ്രദേശമായ കടുക്കാസിറ്റിൽ താമസിക്കുന്ന പൊലീസുകാരനാണ് നിയമം ലംഘിച്ച് കാറിൽ കുടുംബസമേതം യാത്ര ചെയ്യുന്നത്. ഉപ്പുതറ സ്റ്റേഷനിലെ സി.പി.ഒയായ ഇദ്ദേഹം തുടർച്ചയായി റോഡ് തുറന്ന് കാറിൽ യാത്ര ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇന്നലെ രാവിലെയും കയർ അഴിച്ചുമാറ്റുന്നത് കണ്ട നാട്ടുകാർ സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥൻ ധിക്കാരപരമായാണ് പെരുമാറിയതെന്നും ആക്ഷേപമുണ്ട്. തുടർന്ന് നഗരസഭ കൗൺസിലർ എം.സി. ബിജുവിനെ വിവരമറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിലെ നിയമങ്ങൾ ലംഘിച്ച് പൊലീസുകാരൻ യാത്ര ചെയ്യുന്നതു സംബന്ധിച്ച് കൗൺസിലർ കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന് പരാതി നൽകി. തമിഴ്നാട്ടിൽ പോയിവന്ന പിക്അപ് ഡ്രൈവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട അഞ്ച് പേർക്ക് കൂടി കഴിഞ്ഞദിവസങ്ങളിൽ രോഗം പിടിപെട്ടു.