തൊടുപുഴ: 2024 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര ഗവൺമെന്റ് ആവിഷ്‌കരിച്ചിരിക്കുന്ന ജലജീവൻ മിഷൻ ജില്ലയിൽ വിപുലമായ 12 പദ്ധതികൾ ഏറ്റെടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. പദ്ധതി നടത്തിപ്പിനായി കേന്ദ്രസംസ്ഥാന ഗവൺമെന്റും വാട്ടർ അതോറിറ്റി, ജലനിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഒത്തുചേരും. കഴിഞ്ഞ ദിവസം ഇടുക്കി കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ജലജീവൻ ശുചിത്വമിഷൻ യോഗത്തിൽ നടപ്പു വർഷത്തെ പദ്ധതികൾക്ക് അംഗീകാരം നൽകി. ജില്ലയിൽ ഈ വർഷം എല്ലാ പഞ്ചായത്തുകളിലും ആയി ആകെ 37299 ഗാർഹിക കണക്ഷനുകൾ നൽകും. ഇതിനുവേണ്ടി 104.93 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2024ഓടെ ആകെ 165120 കണക്ഷനുകളും നൽകുവാനാണ് ലക്ഷ്യമിടുന്നത് . ഇതിനായി 887 കോടി രൂപ അടങ്കൽ തുക ചെലവഴിക്കുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് ഗ്രാമസഭകളുടെ അംഗീകാരത്തോടെയാണ് നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത് പഞ്ചായത്ത് ജല ശുചിത്വ സമിതി ആയിരിക്കും. അടിസ്ഥാന സൗകര്യം ഒരുക്കൽ, കുടിവെള്ള സ്രോതസുകളിൽ ജലം ഉറപ്പാക്കൽ, മലിന ജല നിർമ്മാർജ്ജനം എന്നീ പരിപാടികൾ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കും. മുട്ടം കരിങ്കുന്നം പദ്ധതിയും കുമാരമംഗലം പദ്ധതിയും, ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കും.

കാഞ്ചിയാർ വണ്ണപ്പുറം പഞ്ചായത്തുകളിൽ ഈ വർഷം തന്നെ ജലജീവൻ മിഷന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കും. ഇവ കൂടാതെ 12 പുതിയ പ്രോജക്ടുകൾക്ക് ഡി.പി.ആർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു. നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ മൂന്നാർപള്ളിവാസൽ (60 കോടി), കൊന്നത്തടി(35 കോടി), ബൈസൻവാലിരാജാക്കാട്(30 കോടി), ശാന്തൻപാറചിന്നക്കനാൽ(45 കോടി), പാമ്പാടുംപാറനെടുംങ്കണ്ടംഇരട്ടയാർ(110 കോടി), കരുണാപുരംവണ്ടൻമേട്ചക്കുപള്ളം (90 കോടി), രാജകുമാരിസേനാപതിഉടുമ്പൻചോല(65 കോടി), കാഞ്ചിയാർകട്ടപ്പന (85 കോടി), ഉപ്പുതറഅയ്യപ്പൻകോവിൽവാഗമൺ(100 കോടി), കഞ്ഞിക്കുഴിവാത്തിക്കുടിവാഴത്തോപ്പ്മരിയാപുരംകാമാക്ഷി (200 കോടി), അടിമാലിമാങ്കുളം(40 കോടി), അറക്കുളംവെള്ളിയാമറ്റം(32 കോടി) എന്നിങ്ങനെയാണ് തുക വകയിരുത്തി 2024 ഓടെ പൂർത്തീകരിക്കത്തക്ക വിധത്തിലാണ് പദ്ധതികൾ രൂപീകരിക്കുന്നതെന്നും എം.പി അറിയിച്ചു.