ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ തീവ്രരോഗബാധിതമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ചെറുതോണിയുടെ ആശ്വാസം ഒരു ദിവസത്തേക്ക് മാത്രമായിരുന്നു. ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആറ് പേരിൽ അഞ്ചും ചെറുതോണിയിലാണ്. കഴിഞ്ഞ ദിവസം സ്രവം പരിശോധനക്കെടുത്ത ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് വയസ്സുകാരനായ കുട്ടിക്കും, മൂന്ന് പുരുഷൻമാർക്കും ഒരു സ്ത്രീക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കരിമ്പനിലെ ഹോട്ടൽ തൊഴിലാളിയുടെ ഭാര്യയിൽ നിന്നാണ് ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് കോളനിയിൽ രോഗം വ്യാപിച്ചത്. ഇതോടെ ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിലെ പത്താം വാർഡിൽ മാത്രം രോഗികളുടെ എണ്ണം നാല്പത് പിന്നിട്ടു. കോളനിയിലുള്ള ഭൂരിഭാഗം ആളുകളും സമ്പർക്കം ഒഴിവാക്കാനായി സ്വന്തം വീട്ടിലോ വാടകക്കെടുത്ത വീടുകളിലോ താമസിച്ചുവരികയാണ്. പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആക്കിയതിന് പുറമെ ചെറുതോണി ടൗൺ ഉൾപ്പെടുന്ന പ്രദേശം കഴിഞ്ഞ 28 മുതൽ ഏഴ് ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗണിലുമാണ്. നിലവിൽ പരിശോധനക്കയച്ച സ്രവത്തിൽ പോസിറ്റീവ് രോഗികൾ കൂടുതൽ കണ്ടെത്തുകയാണെങ്കിൽ ലോക്ക് ഡൗൺ നീട്ടേണ്ടി വന്നേക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.