താടുപുഴ: തൊടുപുഴ മുനിസിപ്പൽ പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. നഗരത്തിൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നറിയുന്നതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ എട്ട് മണിയോടെ പരിശോധന നടന്നത്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രം പ്രവർത്തിയ്ക്കാൻ കർശന നിർദ്ദേശം നൽകി. നഗരത്തിലെ മാർക്കറ്റിലെ പച്ചക്കറി മൊത്ത വ്യാപാരികൾ രാത്രി വൈകിയും കടകൾ തുറന്നു വയ്ക്കുന്നതായും ലോറിയിൽ എത്തുന്ന പച്ചക്കറികൾ ഇറക്കുകയും ചില്ലറ വില്പന നടത്തുകയും ചെയ്യുന്നുവെന്നും വിവരം ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. പലയിടങ്ങളിലും തിക്കും തിരക്കും അനുഭവപ്പെടുകയും പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിയ്ക്കൽ, സാനിറ്റൈസർ, മാസ്‌ക് ശരിയായി ധരിയ്ക്കൽ എന്നിവ പാലിയ്ക്കാത്തതായും ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കൂടാതെ നഗര പ്രദേശത്തെ പച്ചമീൻ കടകൾ സാധാരണ നിലയിൽ തുറന്നു പ്രവർത്തിയ്ക്കുന്നതായും കണ്ടെത്തി. ഇത്തരം സാഹചര്യം നഗര പ്രദേശത്ത് കൊവിഡ്- 19 സാമൂഹിക വ്യാപന സാദ്ധ്യത വർദ്ധിപ്പിയ്ക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറുടെ നിർദേശങ്ങൾ കർശനമായി പാലിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നഗരസഭ, പൊലീസ് എന്നിവർക്ക് ബോധവത്കരണം നടത്തിയിട്ടുണ്ട്. പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ കുര്യാച്ചൻ. സി.ജെ, തൊടുപുഴ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രതീഷ്, തൊടുപുഴ ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. ബിജു, താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കിരൺ കുമാർ എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തിയത്.