തൊടുപുഴ: 'അമ്മ: ഡാ, ഈ കപ്പ വറുത്തതൊന്നും തിന്നണ്ട. ചീർത്ത് വീർത്ത് വരുന്നത് നോക്ക്യേ, ഇതിലും നല്ലത് ദേ നെല്ലിക്ക ഉപ്പിലിട്ടതും ചുവന്നുള്ളി നെയ് ചേർത്ത് മൂപ്പിച്ചതുമുണ്ട്. ഇത് ഇടയ്ക്കിടയ്ക്ക് കഴിച്ചോ നല്ലതാ, ചക്കപ്പോത്ത് പോലെ വരികയുമില്ല".മകൻ: "ഹാ കൊള്ളാലോ, എന്നാ പിന്നെ ഇതുവേണ്ട"... ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി ക്കൊണ്ടിരിക്കുന്ന അമ്മയും മകനും തമ്മിലുള്ള നർമസംഭാഷണങ്ങളടങ്ങിയ കൊവിഡ് പ്രതിരോധ ഹ്രസ്വചിത്രത്തിലെ രസകരമായ ഡയലോഗാണിത്.
തൊടുപുഴ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ആഫീസർ പെരുമ്പള്ളിച്ചിറ വാര്യത്ത് ഡോ. സതീഷ് വാര്യരും അമ്മ ഗീതയുമാണ് ഈ ഹ്രസ്വ ചിത്രത്തിൽ തകർത്തഭിനയിക്കുന്നത്.കൊവിഡിനെ തുരത്താൻ ആരോഗ്യപ്രവർത്തകർ പല രീതിയിലും പരിശ്രമിക്കുന്നതിനിടെയാണ് ഡോ. സതീഷ് വാര്യർ ചികിത്സയ്ക്കൊപ്പം തന്റെ പാഷനായ അഭിനയവും മഹാമാരിക്കെതിരെ പ്രയോഗിച്ചത്. അമ്മയും മകനും തമ്മിൽ അടുക്കളയിൽ നടക്കുന്ന രസമായ സംഭാഷണത്തിലൂടെ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ എങ്ങനെ കൊവിഡിനെ ചെറുക്കാമെന്ന് വ്യക്തമായി പറഞ്ഞു തരുന്നു.
അമ്മയും മകനും സൂപ്പർഹിറ്റ്
ആയുർവേദ വകുപ്പിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് തോന്നിയപ്പോഴാണ് മുമ്പ് അമ്മയുമൊത്തുള്ള ചെറിയ സ്കിറ്റുകൾ മൊബൈലിൽ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പിലൂടെയും മറ്റും നൽകാറുണ്ടായിരുന്ന സതീഷിന്റെ മനസിൽ ഇങ്ങനെ ഒരാശയം ഉദിച്ചത്.
സർക്കാർ നിർദ്ദേശങ്ങൾക്കൊപ്പം സ്വന്തമായി ഡയലോഗുകൾ ചേർത്ത് സ്ക്രിപ്‌റ്റ് തയ്യാറാക്കി. ട്രൈപ്പോഡ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചു. പതിവുപോലെ ചില സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പിൽ നൽകി. തൊടുപുഴ കുമാരമംഗലം സ്കൂളിലെ അദ്ധ്യാപകനായ ബിനോയ് ഇത് കണ്ട് ഡോക്ടറുടെ പേര് സഹിതം മറ്റ് ഗ്രൂപ്പുകളിലേക്ക് അയച്ചതോടെ നിമിഷനേരത്തിനുള്ളിൽ വീഡിയോ തരംഗമായി മാറുകയായിരുന്നു. നേരം വെളുത്തപ്പോൾ സതീഷും അമ്മയും സൂപ്പർ സ്റ്രാറുകളായി. നാഷണൽ ആയുഷ് മിഷന്റെയടക്കം ഫേസ്ബുക്ക് പേജുകളിൽ വീഡിയോ പങ്കുവച്ചു. വീഡിയോ കണ്ട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറടക്കം നിരവധിപ്പേർ വിളിച്ച് അഭിനന്ദിച്ചെന്ന് ഡോ.സതീഷ് പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം ഹ്രസ്വചിത്രങ്ങൾ ഇനിയും നിർമിക്കണമെന്നാണ് ആഗ്രഹം. അഭിനയം മനോഹരമായിട്ടുണ്ടെന്നും ഇനിയും തുടരണമെന്നും നിരവധിപ്പേർ വിളിച്ച് പറയുന്നുണ്ടെന്ന് അമ്മ ഗീതയും പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ് മുൻഡയറക്ടർ ഡോ.ആർ.ആർ.ബി വാര്യരുടെ മകനാണ് സതീഷ്. കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപിക രേഖയാണ് ഭാര്യ. ആറാം ക്ലാസ് വിദ്യാർത്ഥി വിശാൽ മകനാണ്.