തൊടുപുഴ :തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ (സി.എഫ്.എൽ.റ്റി.സി.) നിന്ന് വെള്ളിയാഴ്ച്ച 24 രോഗികളെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തു. 10 ദിവസമടങ്ങുന്ന ആദ്യ ടേണിൽ കൊവിഡ് സ്ഥിരീകരിച്ച 88 രോഗികളെയാണ് പല ദിവസങ്ങളിലായി ഇവിടെ പ്രവേശിപ്പിച്ചത്. ഇതിൽ 26 പേർക്ക് സ്രവ പരിശോധന നടത്തിയതിൽ രോഗമുക്തരെന്ന് കണ്ടെത്തിയ 24 പേരെയാണ് ആദ്യഘട്ടത്തിൽ ഡിസ്ചാർജ്ജ് ചെയ്തത്. ചികിത്സയ്ക്കിടെ ശാരീരിക അവശത പ്രകടിപ്പിച്ച രണ്ട് പേരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ തൊടുപുഴ സി.എഫ്.എൽ.റ്റി.സി. യിൽ 64 രോഗികളാണ് രണ്ട് വാർഡുകളിലുമായുള്ളത്‌
രോഗികളെ പരിശോധിക്കുന്നതിനായി അലോപ്പതി, ആയുർവേദ, ഹോമിയോ, ഡന്റൽ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം സെന്ററിൽ ലഭ്യമാക്കിയിട്ടുണ്ട്. 103 ബെഡുകൾ ഇതിനോടകം തയ്യാറാക്കിയിട്ടുള്ള സെന്ററിൽ അടിയന്തിര ഘട്ടത്തിൽ 120 രോഗികളെ വരെ പ്രവേശിപ്പിക്കാനാവും.
സി.എഫ്.എൽ.റ്റി.സി. യുടെ ജില്ലാ നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ. യുമായ ഡോ. അജി.പി.എൻ., മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ, നോഡൽ ഓഫീസർ ഡോ. ജെറി സെബാസ്റ്റ്യൻ, സ്വാബ് സെക്ഷൻ നോഡൽ ഓഫീസർ എൻ. മീരശ്രുതി എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററിലെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
.