fish

ഇടുക്കി: മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ജില്ലയിലെ പുഴകളിലും റിസർവോയറുകളിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യവിത്തിടൽ പദ്ധതിക്ക് തുടക്കം കുറിച്ചു..പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മത്സ്യതൊഴിലാളികളുടെയും റിസർവോയറുകളിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ആദിവാസി കുടുംബങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.വിവിധ ജലാശയങ്ങളിൽഇന്ത്യൻ മേജർ കാർപ്പ് വിഭാഗത്തിൽപ്പെടുന്ന കട്‌ള,രോഹു,മൃഗാല ഇനത്തിൽപ്പെടുന്ന മത്സ്യവിത്തുകളാണ് നിക്ഷേപിച്ചത്.വണ്ടിപ്പെരിയാറിൽ നടന്ന മത്സ്യവിത്തിടൽ ഇ.എസ്. ബിജിമോൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.മറ്റ് കേന്ദ്രങ്ങളിൽ നടന്ന വിത്തിടൽ ചടങ്ങ് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാർ മേഖലയിൽ പെരിയാറ്റിലും അറക്കുളം പഞ്ചായത്തിൽ അറക്കുളം സെന്റ് മേരീസ് കടവിലും മുട്ടംപഞ്ചായത്തിൽ മലങ്കരഡാം ശങ്കരപ്പള്ളിക്കടവിലും നെടുങ്കണ്ടം പഞ്ചായത്തിൽ തൂക്കുപാലം കല്ലാർ ഡിവിഷനിലും ഇരട്ടയാർ ഡാമിലുമാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ളത്.ഫിഷറീസ് ജില്ലാ ഓഫീസർ ഡോ:ജോയ്‌സ് എബ്രഹാം,എ ഇ ഒ കണ്ണൻ, എസ് ഐ ഷിനൂബ്,ഡി ഒ രാജു, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നിക്ഷേപിക്കുന്നത് 4.2 കോടി

മത്സ്യക്കുഞ്ഞുങ്ങളെ

.'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി വിവിധയിനത്തിൽപ്പെട്ട 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ്കേരളത്തിലെ വിവിധ ജലസംഭരണികളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്.
ജലസംഭരണികളിൽ ഒരു കോടി 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും നാട്ടിലെ പൊതു ജലാശയങ്ങളിൽ രണ്ടുകോടി 70 ലക്ഷം മത്സ്യങ്ങളെയും വളർത്തുകയാണ് ലക്ഷ്യം.47 റിസർവോയറുകളിൽ മുപ്പത്തിമൂന്നിലും, 44 നദികളിൽ നാൽപതിലും മത്സ്യം വളർത്തും.പുതിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെ തായ്‌ലന്റിൽനിന്ന് കൊണ്ടുവരും. വനമേഖലയിലെ സംഭരണികളിൽ തനത് ഇനങ്ങളെയാണ് വളർത്തുന്നത്.