വെള്ളിയാമറ്റം: സമഗ്ര കുടിവെള്ള പദ്ധതിയുടെ മറവിൽ പഞ്ചായത്ത് ഭരണസമിതി വാർഡ് തോറും പണപ്പിരിവ് നടത്തുന്നത് വിജിലൻസ് അന്വേഷിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗാർഹിക കണക്ഷൻ നൽകാനെന്ന പേരിൽ വാട്ടർ അതോറിട്ടിയോ മറ്റ് ഉദ്യോഗസ്ഥരോ അറിയാതെ അനധികൃതമായാണ് ലക്ഷക്കണക്കിന് രൂപ പിരിച്ചു കൊണ്ടിരിക്കുന്നത്. ഉടൻ ഗാർഹിക കണക്ഷനുകൾ നൽകാൻ പോകുന്നെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് രണ്ടായിരത്തോളം ആളുകളിൽ നിന്ന് വ്യാജ അപേക്ഷ ഫോറം നൽകി രസീതു നൽകാതെ നൂറു രൂപ മുതൽ രണ്ടായിരം വരെയാണ് പിരിക്കുന്നത്.
പാർട്ടി മണ്ഡലം പ്രസിഡന്റ് ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു മുഖ്യപ്രഭാഷണം നടത്തി.