കളക്ടർ ഇടപെട്ട് ഹോട്ടലിൽ നിന്നു ബിരിയാണി എത്തിച്ചുനൽകി
കുടുംബശ്രീ ജനകീയ ഹോട്ടലിനെതിരെ പ്രതിഷേധം

കട്ടപ്പന: കട്ടപ്പനയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ രോഗികൾക്ക് വീണ്ടും ഗുണനിലവാരമില്ലാത്ത ഭക്ഷണം. വ്യാഴാഴ്ചയാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നു എത്തിച്ച പഴകിയ ഭക്ഷണം നൽകിയത്. രോഗികൾ പരാതിപ്പെട്ടതിനെ തുടർന്ന് കളക്ടർ ഇടപെട്ട് മറ്റൊരു ഹോട്ടലിൽ നിന്നു ബിരിയാണി എത്തിച്ചുനൽകി. കഴിഞ്ഞ ഞായറാഴ്ച രോഗികൾക്ക് നൽകിയ ചോറിൽ ചെള്ളിനെ കണ്ടെത്തിയതിനെ തുടർന്ന് ജനകീയ ഹോട്ടലിനെതിരെ പ്രതിഷേധമുയർന്നിരുന്നു. രോഗികൾക്ക് തുടർച്ചയായി ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയതിൽ നഗരസഭയ്ക്കും അമർഷമുണ്ട്.
കട്ടപ്പനയിലെ ചികിത്സാകേന്ദ്രത്തിൽ 60 പേർ നിലവിൽ ചികിത്സയിലുണ്ട്. ജനകീയ ഹോട്ടലിൽ നിന്നാണ് ഇവർക്ക് മുഴുവൻ ഭക്ഷണം നൽകിവരുന്നത്. വ്യാഴാഴ്ച രാത്രിയിൽ നൽകിയ ഭക്ഷണം പഴകിയതാണെന്നു കണ്ടതോടെ രോഗികൾ കളക്ടറെ ഫോണിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടർന്ന് പുറത്തുനിന്നു ഭക്ഷണംനൽകാൻ കട്ടപ്പന വില്ലേജ് ഓഫീസർക്ക് കലക്ടർ നിർദേശം നൽകി. നഗരത്തിലെ ഹോട്ടലിൽ നിന്നു രാത്രി 9.30ഓടെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ രോഗികൾക്ക് ബിരിയാണി എത്തിച്ചുനൽകുകയായിരുന്നു.
കൊവിഡ് ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ച ആദ്യദിവസം മുതൽ കുടുംബശ്രീയുടെ ഭക്ഷണത്തിനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ 26നാണ് ഉച്ചയ്ക്കും രാത്രിയും നൽകിയ ഭക്ഷണത്തിൽ ചെള്ളിനെ കണ്ടെത്തിയത്. ഭക്ഷണം കിട്ടാതെ വലഞ്ഞ രോഗികൾക്ക് പിന്നീട് ലഘുഭക്ഷണം എത്തിച്ചുനൽകുകയായിരുന്നു. രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണത്തിനായി 20,000ൽപ്പരം രൂപയാണ് നഗരസഭ ദിവസവും ചെലവഴിക്കുന്നത്. ചികിത്സയിലുള്ള ഒരാൾക്ക് 200 രൂപയോളം ഭക്ഷണത്തിനുമാത്രമായി വിനിയോഗിക്കുന്നുണ്ട്. ഇത്രയധികം തുക ചെലവാക്കിയിട്ടും മെച്ചപ്പെട്ട ഭക്ഷണം നൽകാത്തത് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനത്തെ പിന്നോട്ടടിക്കുന്നു.


ഹോട്ടലിന് ആരോഗ്യ വിഭാഗത്തിന്റെ
അനുമതിയില്ല

കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ലാതെയാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. തുടർച്ചയായി ഗുണനിലവാരമില്ലാത്ത ഭക്ഷണം കൊവിഡ് രോഗികൾക്ക് നൽകിയിട്ടും നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപാരികൾക്കിടയിലും ആക്ഷേപമുണ്ട്. മുമ്പ് നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കി മറ്റിടങ്ങളിൽ മാത്രം പരിശോധന നടത്തുന്നതായി ആരോപണമുയർന്നിരുന്നു. നേരത്തെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയോട് ഉദ്യോഗസ്ഥരിലൊരാൾ മോശമായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. പിന്നീട് വിവാദമായപ്പോൾ പ്രശ്‌നം ഒതുക്കിതീർത്തു. ഇതിനിടെയാണ് അനുമതിയില്ലാതെ കുടുംബശ്രീ ഹോട്ടലിന് പ്രവർത്തിക്കാൻ ഒത്താശ ചെയ്യുന്നത്. രണ്ടുമാസത്തിലധികമായി ലൈസൻസില്ലാതെ കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുകയാണ്. തുടർച്ചയായി മോശം ഭക്ഷണം നൽകിയതിനെ തുടർന്ന് രോഗികൾ ചിത്രങ്ങൾ സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇറച്ചിയോ മീനോ ഇല്ലെങ്കിലും ചൂടുള്ള ഭക്ഷണം നൽകിയാൽ മതിയെന്നുള്ള രോഗികളുടെ ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്.


ചുമതലയിൽനിന്ന് മാറ്റും

തുടർച്ചയായി പരാതിയുയർന്ന സാഹചര്യത്തിൽ ഭക്ഷണം നൽകുന്ന ചുമതലയിൽ നിന്നു കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനെ മാറ്റും. ഇതുസംബന്ധിച്ച് കളക്ടർ, കട്ടപ്പന നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച പഴകിയ ഭക്ഷണം ലഭിച്ച രോഗികൾ കലക്ടറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. തുടർന്ന് കളക്ടർ ഇടപെട്ടാണ് ഹോട്ടലിൽ നിന്നു ഭക്ഷണം എത്തിച്ചുനൽകിയത്.