തൊടുപുഴ: അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമയ്ക്കായി വിദേശത്ത് കുടുങ്ങിയ 61 പ്രവാസികൾക്ക് നാട്ടിലെത്താൻ ടിക്കറ്റെടുത്ത് നൽകി ഒരു അച്ഛൻ. പ്രവാസി വ്യവസായിയായ തൊടുപുഴ താഴത്തുപാറയ്ക്കാട്ട് (ശാന്തിഭവൻ) ടി.എൻ. കൃഷ്ണകുമാറാണ് കൊവിഡ് കാരണം തിരികെ വരാൻ പണമില്ലാത്ത അന്യനാട്ടിലെ മലയാളികൾക്ക് സഹായം ചെയ്തത്. കേരളത്തിലെ കോളേജ് അലുമ്‌നി അസോസിയേഷനുകളുടെ കൂട്ടായ്മയായ അക്കാഫ് ചാർട്ട് ചെയ്ത വിമാനത്തിലാണ് 61 പേർക്കും മടങ്ങാനുള്ള ടിക്കറ്റ് തുക ടി. എൻ. കൃഷ്ണകുമാർ നൽകിയത്. ആർ.എം.ബി ഗ്രൂപ്പിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടറായ കൃഷ്ണകുമാർ 30 വർഷമായി ദുബയിലാണ്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് അദ്ദേഹത്തിന്റെ മകൻ രോഹിത്തും (19), അയൽവാസിയും സുഹൃത്തുമായ ശരതും (21) സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറപകടത്തിൽ മരിക്കുകയായിരുന്നു. യു.കെയിൽ ഉപരിപഠനം നടത്തിവരികയായിരുന്നു രോഹിത്. രോഹിത്തിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് അന്ത്യ കർമങ്ങൾ നടത്തിയ ശേഷം കൃഷ്ണകുമാർ യു.എ.ഇയിലേക്ക് തിരിച്ച് പോയി. വർഷങ്ങളായി തുടർന്നുവരുന്ന സന്നദ്ധ സേവന പ്രവർത്തനം രോഹിതിന്റെ ഓർമ നിലനിറുത്താനായി കൃഷ്ണകുമാർ കൂടുതൽ ശക്തമാക്കി . അങ്ങനെയാണ് അക്കാഫ് എന്ന സംഘടനയുടെ ചാർട്ടേഡ് ഫ്ലൈറ്റുകളിലെ 61 ടിക്കറ്റുകൾ അദ്ദേഹം സ്‌പോൺസർ ചെയ്യുന്നത്. അത് ജോലി നഷ്ടപ്പെട്ടവർക്കും നാട്ടിലേക്ക് പോകാൻ ഒരു വഴിയുമില്ലാത്തവർക്കും വലിയൊരു സഹായവുമായി. രോഹിതിന്റെ വേർപാടിൽ നിന്ന് ഇനിയും മോചിതയായിട്ടില്ലെങ്കിലും ഭാര്യ ഗീതുവും മൂത്തമകൻ രാഹുലും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.