കട്ടപ്പന: സമ്പർക്ക രോഗികൾ വർദ്ധിച്ച സാഹചര്യത്തിൽ ഇരട്ടയാർ പഞ്ചായത്തിൽ നിയന്ത്രണങ്ങളും കർശനമാക്കി. ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഞായറാഴ്ചകളിൽ പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗണായിരിക്കും. മറ്റുള്ള ദിവസങ്ങളിൽ പാൽ, പത്രം, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസികൾ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയായിരിക്കും. ഞായറാഴ്ച അംഗീകൃത മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. ഓട്ടോടാക്സി വാഹനങ്ങൾ വൈകിട്ട് ഏഴിനു ശേഷം നിരത്തിലിറങ്ങാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രേഖാമൂലം അറിയിച്ച് അനുമതി വാങ്ങണം. മറ്റു സ്ഥലങ്ങളിൽ നിന്നു വാഹനങ്ങളിൽ മത്സ്യം ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് ഇരട്ടയാറിലും പരിസര പ്രദേശങ്ങളിലും വിൽക്കുന്നത് നിരോധിച്ചു. തൊഴിൽ ഇടങ്ങളിൽ എല്ലാവരും സാമൂഹിക അകലം പാലിക്കണം. മുഖാവരണം, കൈയുറ, തുടങ്ങിയവ ധരിക്കണം. ആളുകൾ കൂട്ടംകൂടിയാൽ പിഴശിക്ഷ ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും.