ചെറുതോണി: 2018 ലെ മഹാപ്രളയകാലത്ത് ലോറേഞ്ചിൽ നിന്നും ജില്ലാആസ്ഥാനവുമായി ബന്ധപ്പെടുവാനുള്ള ഏക ആശ്രയമായിരുന്ന റോഡിനോട് പൊതുമരാമത്ത് അധികൃതരുടെ അവഗണന തുടരുന്നു.
കാൽനടയാത്രപോലും ദുരിതമായിരിക്കയാണ് ചുരുളി-ആൽപ്പാറ- കഞ്ഞിക്കുഴി റോഡ്. മഹാപ്രളയകാലത്ത് നൂറുകണക്കിന് വാഹനങ്ങൾക്ക് ഏക ആശ്രയമായിരുന്ന റോഡിനോടാണ് അധികൃതരുടെ അനാസ്ഥ. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡാണ് ചുരുളി, ആൽപ്പാറ, കഞ്ഞിക്കുഴി റോഡ്. കാൽനടയാത്രപോലും ദുഷ്‌കരമായതിനെ തുടർന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ നൂറ് കണക്കിന് കുടുബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പ്രളയത്തിൽ തകർന്ന റോഡ് പുനരുദ്ധരിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയെങ്കിലും പൊതുമരാമത്ത് അധികൃതർ അവഗണക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. നിർദ്ധിഷ്ട വണ്ണപ്പുറം-രാമക്കൽമേട് സംസ്ഥാന പാതയുടെ ഭാഗമായ ഈ റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണന അവസാസിപ്പിച്ച് റോഡ് ഗതാഗതയോഗ്യം ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.