രാജാക്കാട്: സൂര്യനെല്ലി പോസ്റ്റ് ഓഫീസിനു സമീപത്തെ പലചരക്ക് കട കാട്ടാന തകർത്തു. സൂര്യനെല്ലി സ്വദേശി ചന്ദ്രന്റെ കടയാണ് മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഒറ്റയാൻ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ തകർത്തത്. ഒന്നര മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചന്ദ്രന്റെ കട കാട്ടാന തകർക്കുന്നത്. കടയുടെ മേൽക്കൂര പൂർണമായും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. കടയിൽ സൂക്ഷിച്ചിരുന്ന അരി, ഉപ്പ്, പഴങ്ങൾ എന്നിവ ആന തിന്നു തീർത്തു. ശബ്ദം കേട്ട് നാട്ടുകാർ എത്തിയാണ് ഒറ്റയാനെ തുരത്തിയത്. കാട്ടാന സൂര്യനെല്ലി ടൗണിന് സമീപത്ത് തന്നെ നിലയുറപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയായ സൂര്യനെല്ലി ടൗണിലും പരിസരത്തും കാട്ടാനയുടെ ആക്രമണം പതിവായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കാട്ടാന ശല്യം നിയന്ത്രിക്കുന്നതിന് വനംവകുപ്പും ജില്ലാ ഭരണകൂടവും ഇടപെടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11 മുതൽ നാട്ടുകാർ സൂര്യനെല്ലി ചിന്നക്കനാൽ റോഡ് ഉപരോധിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ നടത്തിയ ചർച്ചയെ തുടർന്ന് ഒരു മണിക്കൂറിനുശേഷം ഉപരോധം അവസാനിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി. മണി, സെക്രട്ടറി ജോജി ജോർജ്, ഫാ. വിജോഷ് മുല്ലൂർ, ഫാ. ബ്രിട്ടോ മാത്യുവില്ലു കുളം, വി.എസ് ആൽബിൻ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.