തൊടുപുഴ: ജില്ലയിൽ 500 രൂപയിൽ താഴെയുള്ള മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. 100, 50, 20 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ക്ഷാമം നേരിടുന്നത്. ജനന- മരണ സർട്ടിഫിക്കറ്റ്,​ സ്കൂൾ സർട്ടിഫിക്കറ്റ്,​ അഫിഡവിറ്റുകൾ,​ ബാങ്ക് ലോണുകൾ തുടങ്ങി സാധാരക്കാരെ ബാധിക്കുന്ന ആവശ്യങ്ങൾക്കെല്ലാം ഈ മുദ്രപത്രങ്ങളാണ് വേണ്ടത്. എന്നാൽ രണ്ട് മാസത്തിലേറെയായി ജില്ലയിലെ ആധാരമെഴുത്ത് ആഫീസുകളിലൊന്നും ഇവ കിട്ടാനില്ല. അതിനാൽ സാധാരണക്കാർ 50 രൂപയുടെ മുദ്രപത്രം ആവശ്യമുള്ളിടത്ത് പോലും അഞ്ഞൂറിന്റേത് ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ഇ- രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെറിയ മുദ്രപത്രങ്ങൾ ഇറക്കാത്തതാണെന്ന് ആക്ഷേപമുണ്ട്. കുറെ നാളുകളായി സംസ്ഥാനത്താകമാനം ചെറിയ മുദ്രപത്രങ്ങൾക്ക് ക്ഷാമം നേരിടുന്നുണ്ടായിരുന്നു. എന്നാൽ ഇത്രയധികം ക്ഷാമം ഒരു കാലത്തും ഉണ്ടായിട്ടില്ലെന്ന് ആധാരമെഴുത്തുകാർ പറയുന്നു. തൊടുപുഴയിലടക്കം പല ആധാരമെഴുത്ത് ആഫീസിലും ചെറിയ മുദ്രപത്രങ്ങൾ ഇല്ലെന്ന നോട്ടീസ് പതിച്ചിട്ടുണ്ട്.