പെരുമ്പടവ്: കരിപ്പാലിലെ കപ്പൂർ ഷാജിയുടെ വീട്ടുപറമ്പ് ഒന്നുകാണണം. ഒന്നരയേക്കർ വരുന്ന കൃഷിയിടത്തിലെ വിളകളും വളർത്തുമൃഗങ്ങളുമൊക്കെയായി സ്വാശ്രയത്വം സ്വപ്നം കാണുന്നവർക്കെല്ലാം അനുകരിക്കാവുന്ന മാതൃകയാണ് ഈ യുവാവിന്റെ വിയർപ്പിറ്റുവീണ ഈ മണ്ണ്.
വീട്ടിലേക്ക് അരിയും പഞ്ചസാരയും സവോളയും ഉപ്പും മാത്രമാണ് താൻ വിലകൊടുത്ത് വാങ്ങുന്നതെന്ന് ഷാജി പറയും. ഒരു പുരസ്കാരങ്ങൾ പ്രതീക്ഷിച്ചല്ല, മണ്ണിനോടുള്ള ആത്മബന്ധത്തിന്റെ അടയാളപ്പെടുത്തലാണിവിടെ കൃഷി.പൂർവികർ കൃഷിചെയ്തിരുന്ന എല്ലാ വിളകളും തന്നെ ഷാജിയുടെ കൃഷിയിടത്തിലുണ്ട്. പയർ, പാവൽ, കക്കിരി, താലോലി, നിത്യവഴുതന, മുരിങ്ങ, നാരകം, കറിവേപ്പ്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചേമ്പ്, കപ്പ, പപ്പായ, മുളക് തുടങ്ങി പച്ചക്കറി കടകളിൽ കിട്ടുന്ന എല്ലാ ഇനങ്ങളുംകൊണ്ട് ഈ കൃഷിയിടം സമ്പന്നമാണ്.കിഴങ്ങിന്റെ ആവശ്യത്തിനുള്ളതും കറിവയ്ക്കാൻ തണ്ടുമാത്രം ഉപയോഗിക്കുന്ന ഇനവുമുൾപ്പെടെ വ്യത്യസ്തയിനം ചേമ്പുകളും അഞ്ചു വ്യത്യസ്ത ഇനത്തിലുള്ള ചീരയും കൃഷിയിടത്തിലുണ്ട്. കറുവ, തിപ്പലി എന്നിവ വേറെ.കദളി ഉൾപ്പെടെയുള്ള വാഴകളും സമൃദ്ധമായി വളരുന്നു.
മുള്ളാത്ത, പേര, ചാമ്പ, വ്യത്യസ്തങ്ങളായ മാവ്, പ്ലാവ് ഇനങ്ങൾ, പപ്പായ, നാരകം, സപ്പോട്ട എന്നിവയ്‌ക്കൊപ്പം കരിമ്പും ഈ 47കാരന്റെ തോട്ടത്തി്ലുണ്ട്.
എല്ലാ സീസണിലും വിളവ് ലഭിക്കുന്ന വൈവിദ്ധ്യമുള്ള കപ്പകളാണ് മറ്റൊരാകർഷണം. റബർ, തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കാർഷികവിളകളും പുരയിടത്തിലുണ്ട്. ദിവസത്തിന്റെ ഏറിയപങ്കും സ്വന്തമായി പണിയെടുക്കുന്ന ഷാജിയെ സഹായിക്കാൻ ഭാര്യ സിന്ധുവും മക്കളുമുണ്ട്. പാറപ്രദേശമാണ് കൃഷിയിടമാക്കിയതെന്നതിനാൽ വെള്ളം ലഭിക്കുന്നത് ആവശ്യമായ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.പല ഇനങ്ങ
ളിൽപെട്ട മുളകൾ നല്ല വരുമാനമാണ് ഷാജിയ്ക്ക് നൽകുന്നത്.
അവ വെറും പോത്തല്ല
ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന പത്തു പോത്തുകൾ ഇവിടെയുണ്ട്. ഇവയ്ക്ക് വേനലിൽ മാത്രം തീറ്റ വാങ്ങിയാൽ മതി.പോത്തുകൾക്ക് പുറമെ കോഴികളെയും കാടകളെയും എല്ലാം പറമ്പിലേക്ക് വിട്ടാണ് വളർത്തുന്നത്. കെട്ടിയിട്ടാൽ ഇവയുടെ വളർച്ചയെ ബാധിക്കുമെന്നാണ് ഷാജിയുടെ വാദം.രണ്ടുവർഷം കൊണ്ട് ഈ പോത്ത് രണ്ടു ക്വിന്റൽ തൂക്കം വയ്ക്കും. അനുസരണയുള്ള പോത്തുകൾ ഷാജി വിളിക്കുമ്പോൾ തന്നെ വിളിപ്പുറത്ത് എത്തും.വിവിധയിനം പശുക്കൾക്കായി തീറ്റപ്പുൽ കൃഷിയും ഈ പുരയിടത്തിന്റെ കാർഷികസമൃദ്ധിയിലുണ്ട്.
ഷാജി ബൈറ്റ്
കൃഷിയിൽ ഹൈടെക് രീതി അവലംബിക്കണമെന്നുണ്ട്. പക്ഷേ കൃഷിവകുപ്പിൽ നിന്നും മറ്റും മതിയായ സഹായം കിട്ടുന്നില്ല. കൃഷിയിൽ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അതുകൊണ്ട് ഈ മേഖലയിൽ തുടരുന്നു..