lakshmi
വൃദ്ധസദനത്തിൽ മകനെ കാത്തിരിക്കുന്ന ലക്ഷ്മി

കൂത്തുപറമ്പ് (കണ്ണൂർ):താൻ നൊന്ത്പെറ്റ മകൻ എന്നെങ്കിലും കടന്നുവരുമെന്ന പ്രതീക്ഷയിൽ കൂത്തുപറമ്പ് പാലാപറമ്പിലെ സ്നേഹഭവനിൽ കാത്തിരിക്കുകയാണ് പിണറായി തെരുവിലെ തൊവരായി ലക്ഷ്മി. എട്ട് വർഷം മുൻപ് രോഗശയ്യയിൽ കഴിയുന്നതിനിടയിലാണ് ഈ 95കാരി വൃദ്ധസദനത്തിലെത്തിപ്പെടുന്നത്.

ദാരിദ്ര്യത്തോടും, രോഗത്തോടും പൊരുതി വീണുപോയ ലക്ഷ്മിയെ നാട്ടുകാരാണ് വൃദ്ധസദനത്തിലെത്തിച്ചത്. മൂന്ന് മക്കളുണ്ടായിരുന്നു ഈ അമ്മയ്ക്ക്. മകൾ ഏതാനും വർഷം മുൻപ് രോഗം ബാധിച്ച് മരിച്ചു. മൂത്തമകനെപ്പറ്റി അമ്മയ്ക്ക് ഒരു വിവരവുമില്ല. ഏറെക്കാലം തന്നെ പരിപാലിച്ച ഇളയമകൻ സഹദേവൻ ചിത്തഭ്രമത്തിന് കീഴ്പ്പെട്ടതാണ് ഈ അമ്മ അഗതിമന്ദിരത്തിലെത്തിച്ചത്. തന്നെ കാണാൻ സഹദേവൻ എപ്പോഴെങ്കിലും എത്തുമെന്ന പ്രതീക്ഷയിയിൽ ഇളയമകന്റെ പേര് ഉച്ചത്തിൽ വിളിച്ചുകൊണ്ടേയിരിക്കും ഇവർ.

ലക്ഷ്മിയുടെ ദൈന്യത കണ്ട് സ്നേഹഭവൻ അഡ്മിനിസ്സ്റ്റേറ്റർ സിസ്റ്റർ എൽസീനയുടെ നേതൃത്വത്തിൽ സഹദേവനെ കണ്ടെത്തി സ്നേഹഭവനിലെത്തിച്ചിരുന്നു. എന്നാൽ അമ്മയുടെ കരച്ചിൽ കേൾക്കാതെ സഹദേവൻ പടിയിറങ്ങുകയാണുണ്ടായത്. ഓരോ ആളുകൾ കയറിവരുമ്പോഴും സഹദേവനാണോ എന്ന് ലക്ഷ്മി കണ്ണീരോടെ ചോദിക്കുമെന്ന് സിസ്റ്റർ എൽസീന പറഞ്ഞു. മക്കളുടെയും പേരമക്കളുടെയും പരിചരണം ലഭിക്കേണ്ട ഘട്ടത്തിലാണ് ഈ 95കാരി വൃദ്ധസദനത്തിന്റെ കാരുണ്യത്തിൽ കഴിയുന്നത്. അപ്പോഴും മകൻ ഇപ്പോ എത്തുമെന്ന് അവർ വിശ്വസിക്കുന്നു.