കണ്ണൂർ: വർഷകാലം വരവറിയിച്ചതോടെ മമ്പറം പുഴയോരത്ത് പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് മഴയെ ചെറുക്കാൻ പതിവുപോലെ പാടുപെടുകയാണ് നിർമ്മലഗിരി കണ്ടംകുന്നിലെ രാമകൃഷ്ണനും വയനാട് കമ്പളക്കാട് സ്വദേശി ശെൽവിയും ആറു മക്കളുമടങ്ങുന്ന കുടുംബം. ഇവർ ഇങ്ങനെ മഴയിൽ നിന്ന് കഷ്ടിച്ച് മറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷമായി. വാഗ്ദാനം കണക്കിലെടുത്താൽ ഇതിനകം വീടുകൾ അനവധിയായി. പക്ഷെ ആരും നിറവേറ്റിയില്ലെന്ന് മാത്രം.
സിമന്റ് ചാക്കും തകര ഷീറ്റുമൊക്കെയാണ് പ്ളാസ്റ്റിക്ക് കഴിഞ്ഞാൽ ഇവർ കഴിയുന്ന കൂരയുടെ ബലം. കാണുന്നവരുടെ കണ്ണുകളിലെല്ലാം സഹതാപം. കഴിഞ്ഞ പ്രളയത്തിൽ പുഴയിൽ നിന്ന് പെരുമ്പാമ്പുകളും മറ്റു ഇഴജന്തുക്കളും ടെന്റിൽ സ്ഥാനം പിടിച്ചു. ഇത്തവണയും മഴയത്ത് പെരുമ്പാമ്പുകൾ കയറി വന്നേക്കാമെന്ന ആശങ്കയുണ്ടിവർക്ക്. ആധുനിക രീതിയിലുള്ള പാലം പൂർത്തിയാകാൻ പോകുന്ന അവസ്ഥയിലും തൊട്ടടുത്തുള്ള ഈ കാഴ്ച ആരെയും നൊമ്പരപ്പെടുത്തും. പത്താം ക്ളാസുകാരനായ ഹരികൃഷ്ണനും ഒന്നരവയസ്സുകാരനായ ശിവയ്ക്കുമിടയിൽ നാല് പേർ വേറെയുമുണ്ട്. ഹരികൃഷ്ണൻ ഇപ്പോൾ വയനാട്ടിൽ അമ്മയുടെ വീട്ടിലാണ്.അന്നന്നത്തെ അന്നത്തിന് വേണ്ടി ആക്രിപെറുക്കാനോ,കൂലിപ്പണിക്കോ രാമകൃഷ്ണൻ ഇറങ്ങുമ്പോൾ ശെൽവി മക്കൾക്ക് കാവലിരിക്കും. സാമൂഹ്യ വിരുദ്ധരിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും കുട്ടികൾക്ക് കാവൽക്കണ്ണാണ് ശെൽവി.
കിടപ്പുമുറിയും അടുക്കളയും പഠനമുറിയും എല്ലാം ഇളകിനിൽക്കുന്ന ഷീറ്റിനുള്ളിൽ തന്നെ. കിടത്തം തറയിൽ സിമന്റ് ചാക്ക് വിരിച്ച്. ഒരാൾ മറ്റൊരാളിന്റെ ഉറക്കത്തിനു കാവലായി ഇരിക്കണം. ഇല്ലെങ്കിൽ ഇഴജന്തുക്കൾ കയറിയിറങ്ങും. രാത്രിയായാൽ മക്കൾക്കായി രാമകൃഷ്ണനും ശെൽവിയും ഉറക്കമിളിച്ചിരിക്കും.
ഇവരുടെ പേരിൽ റേഷൻ കാർഡുണ്ട്. എന്നിട്ടും സ്വന്തമായി വീട് നിർമ്മിച്ചു നൽകാൻ അധികൃതർ മുഖം തിരിക്കുന്നു. കുട്ടികളെ പഞ്ചായത്ത് ഇപ്പോൾ ഓൺ ലൈൻ ക്ളാസിനും മറ്റും അയക്കുന്നുമുണ്ട്.
ഇത്രയൊക്കെയാണെങ്കിലും രാമകൃഷ്ണനും ശെൽവിക്കും ആരോടു പരാതിയില്ല. രാമകൃഷ്ണൻ ഈഴവ വിഭാഗക്കാരനും ശെൽവി ആദിവാസി വിഭാഗത്തിലുമാണ്. തങ്ങൾക്ക് എപ്പോഴെങ്കിലും വീട് കിട്ടുമെന്നു തന്നെയാണ് ഇവരുടെ പ്രതീക്ഷ..
രാമകൃഷ്ണൻ
ടെന്റിലാണ് കഴിയുന്നതെങ്കിലും ഞങ്ങൾക്ക് ഒരു പരിഭവവുമില്ല. വീടിനായി അപേക്ഷകളൊക്കെ കൊടുക്കാറുണ്ട്. കിട്ടുമായിരിക്കും..
സി..പി.. അനിത
പ്രസിഡന്റ്
വേങ്ങാട് ഗ്രാമപഞ്ചായത്ത്
ലക്ഷം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് ഒരു വീട് നിർമ്മിച്ചു കൊടുക്കുന്നതിനെ കുറിച്ച് പഞ്ചായത്ത് ആലോചിച്ചു വരികയാണ്. അതിനായി സ്ഥലവും മറ്റും പരിശോധിക്കുന്നുണ്ട്. എന്തായാലും അവരെ കൈയൊഴിയില്ല.