milma-
മഞ്ചേശ്വരം പഞ്ചായത്തിലെ അങ്കണവാടിയിൽ ഐ.സി.ഡി.എസ് സൂപ്പർ വൈസർ എ.കെ ഷീന പാൽ വിതരണം ചെയ്യുന്നു

കാസർകോട്: ലോക്ക് ഡൗണിൽ നഷ്ടപ്പെട്ട പോഷണം തിരിച്ചുപിടിക്കാൻ അങ്കണവാടി കുട്ടികളെ ഒരു മാസം പാൽ കുടിപ്പിക്കുന്നു. മലബാറിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അങ്കണവാടി കുട്ടികൾക്ക് പാക്കറ്റ് പാൽ വിതരണം ചെയ്യാൻ 12 കോടി രൂപ സർക്കാർ മിൽമക്ക് അനുവദിച്ചു. കേരളത്തിലെ മറ്റു ജില്ലകളിലും പാൽ വിതരണം ആരംഭിക്കുന്നതിന് നിർദ്ദേശമുണ്ട്. 180 മില്ലി ലിറ്റർ വരുന്ന പാക്കറ്റ് പാൽ ഒരു ആഴ്ചയിലേക്കുള്ളത് ഒരുമിച്ചാണ് മിൽമ ഡയറിയിൽ നിന്ന് ഐ.സി.ഡി.എസ് മുഖേന അങ്കണവാടികളിൽ എത്തിച്ചുകൊടുക്കുന്നത്.

നാല് ഘട്ടങ്ങളായാണ് പാൽ വിതരണം. അങ്കണവാടി കുട്ടികൾക്ക് നേരത്തെ ആഴ്ചയിൽ ഓരോ ദിവസം പാലും മുട്ടയും പഴവും സ്‌പെഷ്യൽ ഫുഡ് എന്ന നിലയിൽ നൽകിവന്നിരുന്നു. പഞ്ചായത്തുകളുടെ പ്രൊജക്ട് അനുസരിച്ചു ചില ജില്ലകളിൽ നിലക്കടല, അവിൽ, ശർക്കര, എള്ളുണ്ട എന്നിങ്ങനെ കൊടുക്കുന്ന അങ്കണവാടികളും സംസ്ഥാനത്തുണ്ട്. ഇതിനായി വർക്കർമാർക്ക് ചെലവാകുന്ന തുക ഫണ്ട് വരുന്ന മുറക്ക് നേരിട്ട് നൽകുകയായിരുന്നു പതിവ്. കൊവിഡ് ലോക്ക് ഡൗണിൽ സ്‌പെഷ്യൽ ഫുഡ് നൽകുന്നത് നിലച്ചതോടെ ആ കുറവ് നികത്താനാണ് ഒരു മാസം പാൽ കൊടുക്കുന്നത്.

ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശ പ്രകാരം അങ്കണവാടികളിൽ പാലിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്.

മിൽമയ്ക്ക് അതിജീവനം

അങ്കണവാടി കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്ന പദ്ധതി ലോക്ക് ഡൗൺ കാരണം സംഭവിച്ച നഷ്ടത്തിൽ നിന്ന് കരകയറാൻ മിൽമക്ക് നൽകിയ അതിജീവനം പദ്ധതിയുടെ ഭാഗമാണ്. ലോക്ക് ഡൗൺ കാലത്ത് മിൽമയുടെ ഡയറികളിൽ വൻതോതിൽ പാൽ മിച്ചം വന്നിരുന്നു. മിൽമയുടെ പാക്കറ്റ് പാൽ ശീതീകരിച്ച് മൂന്ന് മാസം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. ഇങ്ങനെ സൂക്ഷിച്ചുവെച്ച പാലാണ് അങ്കണവാടി കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.

ഒരുക്കങ്ങൾ ശ്രീകണ്ഠപുരത്ത്

180 മില്ലി ലിറ്റർ പാക്കറ്റ് പാൽ ഉത്പ്പാദിപ്പിക്കാൻ കഴിയുന്ന യന്ത്രം കണ്ണൂർ ശ്രീകണ്ഠപുരത്ത് മാത്രമാണ് മിൽമയ്ക്കുള്ളത്. മറ്റു ഡയറികളിലെല്ലാം 500 മില്ലി ലിറ്ററിന്റെ പാക്കറ്റുണ്ടാക്കുന്ന യന്ത്രങ്ങളാണുള്ളത്. ശ്രീകണ്ഠപുരത്തെ ഫാക്ടറിയിൽ ദിവസം 10,000 പാക്കറ്റ് ഉത്പ്പാദനം ലക്ഷ്യമിട്ട് മൂന്ന് ഷിഫ്റ്റ് ഏർപ്പെടുത്തിയാണ് മിൽമയുടെ ഫാക്ടറി പ്രവർത്തിപ്പിക്കുന്നത്.

മിൽമ തയ്യാറാക്കിയ കൊവിഡ് കാല പദ്ധതിക്ക് അംഗീകാരം നൽകിയാണ് സർക്കാർ പാൽ വിതരണത്തിന് ഫണ്ട് അനുവദിച്ചത്. കുട്ടികൾക്ക് നല്കാൻ പോഷകം കൂടുതൽ ചേർത്ത് 80 ഡിഗ്രി ചൂടാക്കിയാണ് പാക്കറ്റ് പാൽ തയ്യാറാക്കുന്നത്.

പി.പി നാരായണൻ, മാണിയാട്ട്

(ഡയറക്ടർ, മിൽമ മലബാർ മേഖല യൂണിയൻ)