കണ്ണൂർ: ലോക്ക് ഡൗൺ കാലത്തും ജീവനക്കാർക്ക് ജോലിയും ശമ്പളവും നിഷേധിച്ച് ബി.എസ്.എൻ.എൽ അധികൃതർ. പെറ്റി കോൺട്രാക്ട് വിഭാഗം ജീവനക്കാരുടെ ജോലിയും ഏഴ് മാസത്തെ ശമ്പളവുമാണ് മാനേജ്മെന്റ് നിഷേധിച്ചിരിക്കുന്നത്. കണ്ണൂർ എസ്.എസ്.എ യിൽ ഉൾപ്പെട്ട 227 ജീവനക്കാരെയാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്. 35 വർഷമായി ബി.എസ്.എൻ.എല്ലിൽ ജോലി ചെയ്ത് വരുന്നവരാണ് ഇവർ.

2010 മുതൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ച് വിടാൻ മാനേജ്മെന്റ് നീക്കം നടത്തിയിരുന്നു.

ഈ നീക്കത്തിനെതിരെ ജീവനക്കാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പിരിച്ച് വിടരുതെന്ന് 2019 ജനുവരി 29 ന് കോടതി വിധി വന്നു. ഈ വിധിയാണ് ഇപ്പോൾ മാനേജ്മെന്റ് പാടെ നിഷേധിച്ചിരിക്കുന്നത്.

പെറ്റി കോൺട്രാക്ട് ജീവനക്കാരെ കരാറുകാരുടെ കീഴിൽ കൊണ്ടുവരാനാണ് മാനേജ്‌മെന്റും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

പി.എഫ് നൽകണമെന്ന ആവശ്യമുന്നയിച്ച് 2011ൽ അസിസ്റ്റന്റ് ലേബർ കമ്മീഷണർക്കും റീജിയണൽ പി.എഫ് കമ്മീഷണർക്കും ജീവനക്കാർ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ലേബർ കമ്മീഷണർ കേസ് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് കേന്ദ്രം കേസ് ലേബർ കോടതിയിലെത്തിച്ചതിനെ തുടർന്ന്. കേസിൽ അനുകൂലമായ വിധി വന്നു. 2000 ഒക്ടോബർ മുതൽ മുൻകാല പ്രാബല്യത്തോടെ തൊഴിലാളികൾക്ക് പി.എഫ് നൽകാനായിരുന്നു വിധി. എന്നാൽ ബി.എസ്.എൻ.എൽ അതിൽ അപ്പീൽ നൽകി. വിധി വരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ വിധി പറയേണ്ട ഇന്റസ്ട്രിയൽ ട്രിബ്യൂണൽ ലേബർ കോടതി ജഡ്ജിയെ ഹൈക്കോടതി അയോഗ്യനാക്കുകയായിരുന്നു.

കോടതി വിധി മറികടന്നാണ് അധികൃതരുടെ നീക്കം. വർഷങ്ങളുടെ മുൻപരിചയമുള്ളവരെ മാറ്റിനിർത്തിയത് ബി.എസ്.എൻ.എല്ലിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം എക്‌സ്‌ചേഞ്ചുകളിലും നൂറ്കണക്കിന് ഫോണുകൾ തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്ത് ബ്രോഡ്ബാന്റ് കണക്ഷനിലുള്ള തകരാറ് വിദ്യാർത്ഥികളെയും ബാധിക്കുന്നുണ്ട്-

കെ. സുജിത്ത്, സെക്രട്ടറി ബി.എസ്.എൻ.എൽ വർക്കേഴ്‌സ് യൂണിയൻ, കണ്ണൂർ എസ്.എസ്.എ

227 ജീവനക്കാർ

35 വർഷം സർവീസ്

7 മാസമായി ശമ്പളമില്ല