കണ്ണൂർ: പ്രവാസികളെ മറയാക്കി കൊവിഡ് കാലത്ത് കസ്റ്റംസ് അധികൃതരുടെ കണ്ണുവെട്ടിച്ച് കണ്ണൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണക്കടത്ത്. ദുബായിലും മറ്റുമുള്ള മാഫിയസംഘം ചെറിയ തുക കമ്മിഷൻ നൽകി പ്രവാസികളെ ചതിക്കുഴിയിൽ വീഴ്ത്തുകയാണ്.
വിസ കാലാവധി കഴിഞ്ഞും ജോലി നഷ്ടപ്പെട്ടും നാട്ടിലെത്തുന്ന പ്രവാസികൾക്ക് വൻതുക വാഗ്ദാനം ചെയ്ത് സ്വർണം നാട്ടിലെത്തിക്കുന്ന കള്ളക്കടത്ത് സംഘമാണ് ഇതിനു പിന്നിലുള്ളതെന്നും കസ്റ്റംസ് അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം മൂന്ന് വിമാനങ്ങളിലായി എത്തിയ യാത്രക്കാരിൽ നിന്ന് 88 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര കിലോഗ്രാം സ്വർണമാണ് യാത്രക്കാരിൽ നിന്ന് കണ്ടെത്തിയത്.
ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെയുള്ള പരിശോധനയ്ക്കിടെ നടക്കുന്ന സ്വർണക്കടത്ത് കസ്റ്റംസ് അധികൃതർക്ക് തലവേദനയായിട്ടുണ്ട്.
പേസ്റ്റ് മുതൽ ഗുളിക വരെ
നേരത്തെ ബിസ്കറ്റ് രൂപത്തിൽ കടത്തിയിരുന്ന സ്വർണം ഇപ്പോൾ വിവിധ രൂപങ്ങളിലാക്കിയാണ് കടത്തുന്നത്. പേസ്റ്റ്, പൊടി, ഷീറ്റ് രൂപത്തിലാക്കി കാലിൽ വെച്ചുകെട്ടി, തലമുടി വടിച്ച് തലയിൽ ഒളിപ്പിച്ച്, ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും മലദ്വാരത്തിൽ ഒളിപ്പിച്ചും ഇങ്ങനെ പല വിധത്തിൽ. പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം മെറ്റൽ ഡിക്ടറ്ററുകളെ കബളിപ്പിക്കും. രഹസ്യവിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് ഇപ്പോളിവ പിടികൂടുന്നത്.
കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരും ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലുള്ളവരുമാണ് ഇവിടെ കടത്തിൽ സജീവമായുള്ളത്. ജാമ്യവ്യവസ്ഥയിലെ ഇളവാണ് ഇവിടെ കടത്തുകാർക്ക് സുരക്ഷിതമാകുന്നത്. ഇരുപതുലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള സ്വർണ്ണം കടത്തുന്നവർക്ക് കസ്റ്റംസ് അധികാരികൾക്ക് തന്നെ ജാമ്യം നൽകാം. ഒരു കോടിക്ക് മുകളിലുള്ള കേസുകളാണ് കോടതികളിലേക്ക് വിടുന്നത്. രണ്ട് വർഷം തടവും പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെ വിലയുടെ അഞ്ചിരട്ടി പിഴയുമാണ് ശിക്ഷ.
പരിശോധന കടുപ്പിക്കാൻ കസ്റ്റംസ്
കൊവിഡിന്റെ മറവിൽ നടത്തുന്ന സ്വർണക്കടത്ത് നിരീക്ഷിക്കാനും പിടികൂടാനും കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനം ഇറങ്ങി വരുന്നവരെ സി.സി.ടി.വി കാമറയിലൂടെയും മറ്റും നിരീക്ഷിച്ചും ചെക്ക് ഇൻ പരിശോധനയിലുമാണ് സ്വർണം കണ്ടെത്തുന്നത്. സംശയം തോന്നുന്നവരെ മാറ്റി നിർത്തി പിന്നീട് കസ്റ്റംസ് വിശദമായി പരിശോധിക്കും. കഴിഞ്ഞ മൂന്ന് കേസുകളും പിടികൂടിയത് കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ജൂണിൽ മാത്രം പിടികൂടിയത്
88 ലക്ഷത്തിന്റെ സ്വർണം