കൂത്തുപറമ്പ്: സി.ഐ.എസ്.എഫുകാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ച വലിയവെളിച്ചത്തെ ബാരക്ക് ഉന്നത പൊലീസ് സംഘം സന്ദർശിച്ചു. ഡി.ഐ.ജി. കെ.സേതുരാമൻ, ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്ര എന്നിവർ ഉൾപ്പെടെയുള്ളവരാണ് വലിയവെളിച്ചത്ത് എത്തിയത്.
സംസ്ഥാനത്തുതന്നെ ഒരു കേന്ദ്രത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സി.ഐ.എസ്.എഫ്.ബാരക്ക് ഉന്നത പൊലീസ് സംഘം സന്ദർശിച്ചത്. പ്രദേശത്തെ സാഹചര്യം നേരിട്ട് കാണുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വേണ്ടിയായിരുന്നു ഇവരുടെ സന്ദർശനം. വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ബാരക്കിന്റെ പരിസരത്തെത്തിയ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. രോഗബാധിതരല്ലാത്തവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ വലിയ വെളിച്ചത്ത് താമസിക്കുന്ന 52 സി.ഐ.എസ്.എഫുകാർക്കാണ് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയിട്ടുള്ളത്. അവധി കഴിഞ്ഞ് ബാരക്കിലെത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ജവാന്മാർക്കായിരുന്നു ആദ്യഘട്ടത്തിൽ കൊവിഡ് രേഖപ്പെടുത്തിയത്. രോഗബാധിതരെ ആദ്യം തന്നെ ഹോസ്റ്റലിൽ നിന്നും മാറ്റിയിരുന്നെങ്കിലും സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്കും വ്യാപിക്കുകയാണുണ്ടായത്.
കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുള്ള 140 പേരാണ് വലിയ വെളിച്ചത്ത് താമസിച്ചു വന്നിരുന്നത്. ഇതിൽ 52 പേരെയാണ് രോഗം പിടികൂടിയിട്ടുള്ളത്. എന്നാൽ വിമാനത്താവളത്തിൽ ഇപ്പോൾ ഡ്യൂട്ടിയിലുള്ളത് വലിയവെളിച്ചവുമായി ബന്ധമില്ലാത്തവരാണ്. അതിനാൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഡി.ഐ.ജി. സേതുരാമൻ പറഞ്ഞു. തലശ്ശേരി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ, കണ്ണവം സി.ഐ.സുധീർ, എസ്.ഐ. കെ.കെ.പ്രശോഭ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.