കൂത്തുപറമ്പ്: വലിയ വെളിച്ചം സി.ഐ.എസ്.എഫ്.ബാരക്കിലെ അമ്പതിലേറെ പേർക്ക് കൊവിഡ് ബാധിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് അന്വേഷണം നടത്തുന്നത്.

രോഗബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂർ എയർപോർട്ടിൽ ഡ്യൂട്ടിയിലുള്ള മുഴുവൻ പേരെയും റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കും. ഒരാൾക്ക് കൊവിഡ് കണ്ടെത്തിയ ഘട്ടത്തിൽ തന്നെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനായി ബാരക്കിനെ മാറ്റിയിരുന്നു. ഇതിനിടയിലും കൂടുതൽ പേർക്ക് രോഗം പടരാനിടയായ സാഹചര്യമാണ് അന്വേഷിക്കുന്നത്. ഇതിന്റെ പേരിൽ ബാരക്ക് പൂർണ്ണമായും അടച്ചിടേണ്ട ആവശ്യമില്ല. ഫയർഫോഴ്സിന്റെ സേവനം ഉപയോഗപ്പെടുത്തി ബാരക്ക് മുഴുവൻ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിക്കും.

രോഗബാധയില്ലാത്തവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ ആലോചിച്ചു വരികയാണ്. സി.ഐ.എസ്.എഫിനെ കൺട്രോൾ ചെയ്യേണ്ട ബാദ്ധ്യത പൊലീസിനില്ലെന്നും എസ്.പി. പറഞ്ഞു.