കണ്ണൂർ: ഡി.വൈ.എഫ്.ഐ റീസൈക്കിൾ കേരള പദ്ധതിയിലേക്ക് ജില്ലയിൽനിന്ന് 1.6 കോടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസംകൊണ്ട് 1,60,09,197 രൂപ സമാഹരിച്ചതായി ജില്ലാനേതൃത്വം .
വീട്ടുപറമ്പിൽ ജോലിയെടുത്തും വാഹനം സർവീസ് ചെയ്‌തും പണം സമാഹരിച്ചു. ബിരിയാണിയും പഴവും പച്ചക്കറിയും മീനും കർക്കടകമരുന്നും കേക്കും അച്ചാറും യുവാക്കൾ വിറ്റു. പൂട്ടിക്കിടന്ന തട്ടുകടകൾ ഏറ്റെടുത്ത് കച്ചവടം നടത്തി.
ലോക്ക്ഡൗൺകാലത്ത് നിർമിച്ച കരകൗശല വസ്‌തുക്കളും പെയിന്റിംഗുകളും വിറ്റു. മഴക്കാലപൂർവ ശുചീകരണവും പാഴ്‌വസ്‌തുക്കളുടെയും മാലിന്യങ്ങളുടെയും പുനരുപയോഗ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി. പ്രമുഖ കായികതാരങ്ങളുടെ ജേഴ്‌സി ലേലത്തിനുവച്ചും അഞ്ച് ലക്ഷത്തിൽപരം രൂപ സമാഹരിച്ചു.
കണ്ണൂർ യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷിന് തുക കൈമാറി. ജില്ലാ പ്രസിഡന്റ് മനു തോമസ്, സെക്രട്ടറി എം. ഷാജർ, ട്രഷറർ എം. വിജിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരിൻ ശശി, പി.പി.ഷാജിർ, സക്കീർ ഹുസൈൻ, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.