കണ്ണൂർ: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി കണ്ണൂർ ജില്ലയിലേക്ക് ഇതുവരെ മടങ്ങിയെത്തിയത് 41,916 പ്രവാസികൾ. വിമാനത്തിലും റെയിൽ, റോഡ് മാർഗങ്ങളിലുമായി ജൂലായ് ഒന്ന് വരെ ജില്ലയിലേക്ക് എത്തിയവരുടെ കണക്കാണിത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇതിനകം എത്തിയത് 16,735 പേരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നായി മടങ്ങിയെത്തിയത് 25181 പേരും. നോർക്കയിലും കൊവിഡ് ജാഗ്രത പോർട്ടലിലും രജിസ്റ്റർ ചെയ്ത് എത്തിയവരാണ് ഇത്.
56,426 പ്രവാസികളാണ് നാട്ടിലേക്ക് വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 16,735 പേർ വന്നു. 39,691 പേർ ഇനിയും വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് മടങ്ങുന്നതിന് കൊവിഡ് ജാഗ്രത പോർട്ടലിൽ പാസിന് അപേക്ഷിച്ചത് 58,558 പേരാണ്. ഇതിൽ ജൂലായ് ഒന്ന് വരെ 44,558 പേർക്ക് പാസ് അനുവദിച്ചു. ഇതിൽ 25181 പേരാണ് ചെക്ക് പോസ്റ്റുകൾ വഴി ഇതിനോടകം നാട്ടിലെത്തിയത്. 7522 അപേക്ഷകളിലായി 13,554 പേരുടെ പാസിനുള്ള അപേക്ഷ പരിഗണനയിലുണ്ട്. ഇതുൾപ്പെടെ ചേർത്താൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താനുള്ളത് 32,931 പേരാണ്. ഇനി 72622 പ്രവാസികൾ കൂടി ജില്ലയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങാൻ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും കൂടുതൽ പേർ കണ്ണൂർ കോർപ്പറേഷനിൽ
കൂടുതൽ പേർ രജിസ്റ്റർ ചെയ്ത തദ്ദേശ സ്ഥാപനങ്ങൾ
കണ്ണൂർ കോർപ്പറേഷൻ: 3611
തലശ്ശേരി നഗരസഭ: 2586
പാനൂർ നഗരസഭ: 1920
പയ്യന്നൂർ നഗരസഭ: 1838
മാടായി പഞ്ചായത്ത്: 1356
അഴീക്കോട് പഞ്ചായത്ത്: 1145
മുണ്ടേരി പഞ്ചായത്ത്: 1047
ചൊക്ലി പഞ്ചായത്ത്: 1035
മാട്ടൂൽ പഞ്ചായത്ത്: 1030
പാപ്പിനിശ്ശേരി പഞ്ചായത്ത്: 1022