കണ്ണൂർ: 8 ന് നടക്കുന്ന കണ്ണൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ സി. സീനത്തിനെ മത്സരിപ്പിക്കാൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എൽ.എ, ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ.എസ്.മുഹമ്മദ്, അഡ്വ: പി.വി. സൈനുദ്ദീൻ, ടി.എ. തങ്ങൾ, കെ.വി. മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുള്ള, അഡ്വ. കെ.എ. ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ.റഹീം എന്നിവർ പങ്കെടുത്തു. തുടർന്ന് ചേർന്ന കണ്ണൂർ കോർപ്പറേഷൻ മുസ്ലിം ലീഗ് പാർട്ടി കൗൺസിൽ യോഗം സി. സീനത്തിന്റെ സ്ഥാനാർത്ഥിത്വം ഐകകണ്‌ഠ്യേന അംഗീകരിച്ചു.
തുടർച്ചയായ ഒരേ വാർഡിൽ നിന്ന് 15 വർഷം കണ്ണർ നഗരസഭാ കൗൺസിലറായും കണ്ണൂർ കോർപ്പറേഷൻ രൂപീകൃതമായ ശേഷം ജനറൽ സീറ്റായ കസാനക്കോട്ട ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റാണ്. കണ്ണൂർ നഗരസഭയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന സീനത്ത് കോർപ്പറേഷനിൽ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും വഹിച്ചിട്ടുണ്ട്.