മാഹി: ബഹുജന പ്രക്ഷോഭങ്ങളുടേയും പുതുച്ചേരി മുഖ്യമന്ത്രിയുടെ ഇടപെടലിനെയും തുടർന്ന് ഹൈസ്പീഡ് റെയിൽപാതയിൽ മാഹിയെ ഒഴിവാക്കിയുള്ള രൂപരേഖയ്ക്ക് അംഗീകാരം. പെരിങ്ങാടി മുതൽ തലശേരി വരെ മാഹിയെ സ്പർശിക്കാതെയാണ് പുതിയ പാത കടന്നുപോകുന്നത്.
മാഹി റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് റെയിൽവെ പാലത്തിന്റെ ഇടതുവശം മാറി മിനി സ്റ്റേഡിയത്തിന്റെയും പുതുതായി നിർമ്മിക്കുന്ന ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റേയും നടുവിലൂടെ മമ്മി മുക്ക് വഴി ജുമാഅത്ത് പള്ളിയുടെ മുൻവശം ഈച്ചിയിലൂടെയാണ് പാത കടന്നുപോകുന്നത്. ചെറുകല്ലായി കഴിഞ്ഞ് പെരുമുണ്ടേരി ദേശത്തെത്തുമ്പോൾ പുതിയപുരയിലിന്റെ പിന്നിലൂടെയാണ് പാത. കുറിച്ചിയിൽ, പുന്നോൽ ഭാഗം വഴി ദേശീയ പാതയ്ക്കും റെയിൽ ട്രാക്കിനും മധ്യത്തിലൂടെയാകും പുതിയപാത.
പുന്നോൽ റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ നിലവിലെ റെയിൽവേ ട്രാക്കിന്റെ വലതു വശത്താകും പാത. മാക്കൂട്ടത്ത് എത്തുമ്പോൾ ദേശീയ പാതയ്ക്ക് സമീപമായി കടന്നുപോവും . പിന്നീടത് ജഗന്നാഥ ക്ഷേത്രത്തിന്റെയും നിലവിൽ ദേശീയ പാതയുടെയും ഇടയിലൂടെയാകും. ടെലി ഹോസ്പിറ്റൽ ഭാഗത്ത് എത്തുമ്പോൾ നിലവിലെ റെയിൽ ട്രാക്കിനു ഇടതു വശത്തെത്തും. സിൽവർ ലൈൻ നിർമ്മാണം പൂർത്തീകരിച്ചാൽ നാലു മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്തെത്താം.