മാഹി: ഒരാൾ മരിക്കുകയും 19 പേരിൽ കൊവിഡ് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത് ആശങ്കയിലായ മാഹിയിൽ പരിശോധനയ്ക്കിറങ്ങുന്ന ആരോഗ്യപ്രവർത്തകർക്ക് നല്ലൊരു മാസ്ക് നൽകാൻ പോലും ഭരണകൂടം തയ്യാറാകുന്നില്ലെന്ന് വിമർശനം. രോഗികളുടെ വീടിന്റെ തൊട്ടുമുന്നിലുള്ള റോഡിനെ കാണാതെ ദൂരെയുള്ള സംസ്ഥാനപാതയിലെ ഗതാഗതം തടസപ്പെടുത്തിയ അധികൃതർ ഭൂപടം നോക്കിയാണ് റെഡ് സോൺ പ്രഖ്യാപനം നടത്തുന്നതെന്നും വിമർശനമുന്നയിക്കുന്നവർ പറയുന്നു. മൂന്നിടങ്ങളിലാണ് നിലവിൽ മാഹിയിൽ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്.
മതിയായ സുരക്ഷാ സംവിധാനമൊരുക്കാത്തതിനാൽ മാഹി ഗവ: ജനറൽ ആശുപത്രിയിലെ നാല് ആരോഗ്യ പ്രവർത്തകർക്കാണ് ഇതിനകം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. നിരവധി ജീവനക്കാർ ക്വാറന്റൈയിനിലുമാണ്.
കൊവിഡ് സ്ഥിരീകരിക്കപ്പെട്ട കോയ്യോട്ട് തെരുവിലെ രോഗിയുടെ വീടിന് മുന്നിലുള്ള പള്ളൂർ പന്തക്കൽ റോഡ് അടച്ചിടാതെ, മുന്നൂറ് മീറ്റർ അകലെയുള്ള അന്തർ സംസ്ഥാന റോഡ് അടച്ചിട്ടിരിക്കുകയാണ് ഭരണകൂടം. രോഗിയുടെ വീട്ടിൽ നിന്നും നൂറ് മീറ്റർ അകലം മാത്രമുള്ള മദ്യഷാപ്പ് തുറന്നു വെച്ചിട്ടുമുണ്ട്. എന്നാൽ മുന്നൂറ് മീറ്റർ അപ്പുറം അന്തർജില്ലാ റോഡിന്റെ മറു ഭാഗത്തുള്ള സൂപ്പർ മാർക്കറ്റും ബേക്കറിയും പലചരക്ക് മൊത്തവ്യാപാരക്കടയുമെല്ലാം അടപ്പിച്ചിട്ടുമുണ്ട്.
ഈസ്റ്റ് പള്ളൂർ അവറോത്ത് ക്ഷേത്രത്തിനടുത്താണ് മറ്റൊരു രോഗിയുടെ വീട്. എന്നാൽ ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തി, താഴെചൊക്ലി പ്രദേശത്തെ കടകൾ പോലും അടപ്പിച്ചിട്ടുണ്ട്. ഒരു വശത്ത് രോഗിയുടെ വീട്ടിൽ നിന്നും കേവലം നൂറു മീറ്റർ മാത്രം അകലെയുള്ള മദ്യഷാപ്പ് തുറന്ന് വെച്ചപ്പോൾ, മറുഭാഗത്ത് രണ്ട് കിലോമീറ്റർ അകലെയുള്ള മദ്യഷാപ്പ് അടപ്പിച്ചിട്ടുണ്ട്.
യാതൊരു മാനദണ്ഡവുമില്ലാതെയാണ് മാഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.ക്വാറന്റൈയിനിൽ കഴിയുന്ന ചില ഉദ്യോഗസ്ഥരടക്കം പലരും പുറത്തിറങ്ങി നടക്കുകയാണ്.
പുതുച്ചേരി ആരോഗ്യ-ആഭ്യന്തര വുകപ്പ് മേധാവികൾ അടിയന്തരമായും മയ്യഴിയിലെത്തി സ്ഥിതിഗതികൾ പഠിച്ച് രോഗ വ്യാപനം തടയാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.