നീലേശ്വരം: കിനാനൂർ -കരിന്തളം പഞ്ചായത്തിലെ മീർക്കാനം തട്ടിൽ പ്രവർത്തിക്കുന്ന പന്നിഫാം അടച്ച് പൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ. പന്നിഫാമിൽ നിന്നുള്ള മാലിന്യങ്ങൾ തൊട്ടടുത്ത തോട്ടിലേക്ക് വലിച്ചെറിയുന്നതിനാൽ ദുർഗന്ധം പരക്കുകയും ഇത് പരിസരവാസികളുടെ സ്വൈര്യം കെടുത്തുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

തൊട്ടടുത്ത എസ്.ടി. കോളനിയിൽ താമസിക്കുന്നവർക്കും പന്നിഫാമിൽ നിന്നുള്ള മാലിന്യങ്ങൾ ആരോഗ്യഭീഷണി ഉണ്ടാക്കുന്നതായി പറയുന്നു. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്നുണ്ട്. മൂന്ന് പേർക്ക് ഈ അടുത്ത കാലത്ത് ഡെങ്കിപ്പനി ബാധിക്കുകയും ചെയ്തിരുന്നു. പന്നിഫാം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ കർമ്മസമിതി രൂപീകരിച്ച് ഇതിനകം വിവിധ സമരങ്ങളും നടത്തുകയുണ്ടായി.

ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ മാത്രം ഫാം ഉടമ മാലിന്യങ്ങൾ നീക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ 100 ഓളം കുടുംബങ്ങൾ പന്നിഫാമിന്റെ ചുറ്റുപാടും താമസക്കാരായുണ്ട്. 2020-21 വർഷത്തെ പഞ്ചായത്ത് ലൈസൻസ് പുതുക്കി കൊടുത്തിട്ടില്ലെന്നും കർമ്മസമിതി ഭാരവാഹികൾ പറയുന്നുണ്ട്. എന്നാൽ ലോക്ക് ഡൗൺ കാരണം ലൈസൻസ് അനുവദിക്കാൻ കാലതാമസമുണ്ടായതാണെന്ന് പഞ്ചായത്ത് അറിയിക്കുന്നു. മഴക്കാലം വന്നതോടെ പന്നിഫാമിലെ മാലിന്യം തള്ളിവിട്ട് ദുർഗന്ധം കൂടുതലായിരിക്കുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.


മാനദണ്ഡങ്ങൾ പാലിച്ചാണ് പന്നിഫാം പ്രവർത്തിക്കുന്നത്. മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ ലൈസൻസ് പഞ്ചായത്തിന് പുതുക്കി കൊടുക്കാവുന്നതാണ്.

എ. വിധുബാല, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്