കാസർകോട്: കാറിൽ കടത്തിയ തോക്കും വടിവാളുകളുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളടക്കം രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടിയിലെ ഉസ്മാൻ(39), ആരിക്കാടി ബന്നങ്കുളത്തെ അബ്ദുൽജലീൽ(22) എന്നിവരാണ് ഇന്നലെ പുലർച്ചെ കുമ്പള എ .എസ് .ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ആരിക്കാടി രണ്ടാംഗേറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാർ പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെ ഇറങ്ങിയോടിയ ഇരുവരെയും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. തുടർന്ന് കാറിനകത്ത് പരിശോധന നടത്തിയപ്പോൾ തോക്കും വടിവാളുകളും കണ്ടെത്തി. ആരിക്കാടിയിലെ ഉസ്മാൻ അക്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി ഐ പ്രമോദ്, എസ് ഐ എ സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ തുടർ അന്വേഷണം ഊർജിതമാക്കി.