പടന്ന: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം ബൂത്ത് പിടിക്കൽ നീക്കം നടത്തുകയാണെന്ന ആരോപണവുമായി യു.ഡി.എഫ്. പടന്ന ഗ്രാമപഞ്ചായത്തിൽ സി.പി.എം തങ്ങൾക്ക് താത്പര്യമുള്ള കേന്ദ്രങ്ങളിലേക്ക് പോളിംഗ് ബൂത്തുകൾ മാറ്റാൻ ശ്രമം നടത്തുന്നുവെന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. പടന്ന പഞ്ചായത്തിലെ പത്താംവാർഡിൽ അനുയോജ്യമായ കെട്ടിടമുണ്ടായിട്ടും ഒന്നരകിലോമീറ്റർ ദൂരെയുള്ള ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂളിലേക്ക് പോളിംഗ് ബൂത്ത് മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങിയതാണ് യു.ഡി.എഫിന്റെ എതിർപ്പിന് കാരണം.

രണ്ട് ബൂത്തുകൾ ഉണ്ടായിരുന്ന ഉദിനൂർ സൗത്ത് ഇസ്ലാമിയ എ.എൽ.പി സ്‌കൂൾ കെട്ടിടം തൃക്കരിപ്പൂർ പഞ്ചായത്തിലേക്ക് മാറ്റിയതിന്റെ സൗകര്യം മുതലെടുത്താണ് ഇത്തരത്തിലുള്ള നീക്കമെന്നാണ് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നത്. യു.ഡി.എഫ് നേതാക്കളായ പി.സി മുസ്തഫഹാജി, പി.കെ താജുദ്ദീൻ എന്നിവരാണ് പരാതി നൽകിയത്. ഇതോടെ പടന്ന പഞ്ചായത്തിൽ രാഷ്ട്രീയവിവാദം കൊഴുക്കുകയാണ്.