കാഞ്ഞങ്ങാട്: ഓൺലൈൻ പഠനം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും ജില്ലയിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ കിട്ടാത്ത അവസ്ഥ. നേരത്തെ സ്‌കൂൾ സൊസൈറ്റികൾ മുഖേന നൽകിയ പുസ്തകങ്ങൾ ഇക്കുറി അത്തരത്തിൽ നൽകാത്തതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് പറയുന്നു.

പുസ്തകങ്ങൾ അദ്ധ്യാപകർ കാസർകോട്ട് പോയി വാങ്ങണമെന്നതാണ് പ്രയാസമുണ്ടാക്കുന്നത്. പാഠപുസ്തകങ്ങളുടെ വിലയുടെ അഞ്ച് ശതമാനം അതത് സ്‌കൂൾ സൊസൈറ്റികളിൽ എത്തിക്കുന്നതിന് വേണ്ടി അനുവദിക്കുന്നതാണ്. എസ്.എസ്.എ നിലവിൽ വന്ന കാലം തൊട്ട് ഓരോ സ്‌കൂൾ സൊസൈറ്റികളിലും പാഠപുസ്തകങ്ങൾ എത്തിക്കാറുണ്ട്. എന്നാൽ മലയോരമേഖലകളിൽ നിന്നുപോലും ഓരോ സ്‌കൂൾ സൊസൈറ്റിയും വാഹനവുമായി കാസർകോട് പോയി ഓരോതവണയും പുസ്തകം കൊണ്ടുവരേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഇത് പ്രായോഗികമല്ലെന്ന് അദ്ധ്യാപകർ പറയുന്നു.

പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്. പുസ്തകം ഇല്ലാതെ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് ഒത്തുപോകാൻ സാധിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.