മാഹി: പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ മാഹിയിൽ മത്സ്യബന്ധന തുറമുഖമടക്കം വരാനിരിക്കെ, ഒരു മത്സ്യ മാർക്കറ്റ് പോലും ഇല്ലാത്തതിൽ പ്രതിഷേധം. നേരത്തെ ഉണ്ടായിരുന്ന പാറക്കലിലെ മുനിസിപ്പാലിറ്റി വക മത്സ്യ മാർക്കറ്റ് ഉടൻ തുറക്കണമെന്ന ആവശ്യം ശക്തമാവുന്നു.
മുൻകാലങ്ങളിൽ നഗരവാസികൾ മത്സ്യത്തിനും, പച്ചക്കറികൾക്കും ആശ്രയിച്ചിരുന്ന മാഹിയിലെ ഏക മത്സ്യ മാർക്കറ്റാണിത്. എന്നാൽ ഇന്ന് ഈ മത്സ്യ മാർക്കറ്റ് ഉപകാരമില്ലാതെയായി തീർന്നിരിക്കുന്നു.
വർഷങ്ങളായി അടച്ചിട്ടതിനാൽ ഉപയോഗ്യശൂന്യമായിക്കിടന്നിരുന്ന മത്സ്യമാർക്കറ്റ്
ഇന്ന് സമീപത്തെ കടകളിലെ ടൈലുകളും മറ്റു സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണായി മാറ്റിയിരിക്കുകയാണ്. മാർക്കറ്റിന്റെ ഒരു ഭാഗത്ത് പച്ചക്കറിക്കടയും മറുഭാഗത്ത് ഇറച്ചി മത്സ്യ സ്റ്റാളുകളുമായാണ് മുൻപ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് പച്ചക്കറി സ്റ്റാളിന്റെ ഭാഗം പൂർണ്ണമായും അടച്ച് കളഞ്ഞു.

കച്ചവടക്കാരുണ്ട്
കച്ചവടം ചെയ്യാൻ വ്യാപാരികൾ ഇല്ലാത്തതിനാലാണ് മുമ്പ് മാർക്കറ്റ് അടച്ചതെന്നാണ് പറയുന്നത്. തൊട്ടടുത്ത് തന്നെ മാർക്കറ്റ് ഉണ്ടായിട്ടും, ന്യൂ മാഹിയിൽ പോയി മത്സ്യം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. മത്സ്യ വില്പന നടത്തുന്ന പ്രദേശത്തെ കച്ചവടക്കാർ മാർക്കറ്റ് അടച്ചതിനാൽ വീട് വീടാന്തരം കയറിയിറങ്ങി മത്സ്യം വിൽക്കേണ്ട അവസ്ഥയിലുമാണ്. മാഹിക്കാർക്ക് പുറത്തുപോയി മത്സ്യം വാങ്ങാനുള്ള അസൗകര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.