കണ്ണൂർ: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജലജീവൻ മിഷന്റെ ഭാഗമായി ജില്ലയിൽ ഈ വർഷം 64,000 കണക്ഷനുകൾ നൽകാൻ പദ്ധതി തയ്യാറാകുന്നു. ജില്ലയിലെ 43 ഗ്രാമ പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതത്തിനൊപ്പം 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തണം. പദ്ധതിയുടെ 10 ശതമാനം ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണമെന്നാണ് വ്യവസ്ഥ.
ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ജല ശുചിത്വ മിഷനാണ് പദ്ധതിയുടെ ജില്ലയിലെ നിർവഹണ ചുമതല. പഞ്ചായത്തുകളുടെയും ഗുണഭോക്തൃ കമ്മിറ്റികളുടെയും ഉത്തരവാദിത്തത്തിലായിരിക്കും നടത്തിപ്പും പരിപാലനവും. എല്ലാ തദ്ദേശ സ്ഥാപനങ്ങളും 15 ശതമാനം തുക വകയിരുത്തി ഭേദഗതി പദ്ധതി പ്രൊജക്ടുകൾ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കണമെന്ന് ജില്ലാ ജല ശുചിത്വ മിഷൻ രൂപീകരണ യോഗം നിർദേശിച്ചു. 15 ശതമാനം വിഹിതം അടച്ചാലേ പദ്ധതി ബന്ധപ്പെട്ട പഞ്ചായത്തിൽ ആരംഭിക്കാനാവൂ. ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിയാത്തവരുള്ള പ്രദേശങ്ങളിൽ എംഎൽഎ ഫണ്ടും എംപി ഫണ്ടും വിവിധ സ്ഥാപനങ്ങളുടെ പൊതു നന്മ ഫണ്ടും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.