കാസർകോട് : എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപനം നാളെ വീഡിയോകോൺഫറൻസിലൂടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർവഹിക്കും. എൻഡോസൾഫാൻ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് മുളിയാർ വില്ലേജിൽ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത്.
. മുളിയാർ പഞ്ചായത്തിൽ പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള ഭൂമിയിൽ നിന്നാണ് പദ്ധതിക്കാവശ്യമായ 25 ഏക്കർ കണ്ടെത്തിയത്. സാമൂഹ്യ നീതി വകുപ്പിന് വേണ്ടി സാമൂഹ്യ സുരക്ഷാ മിഷനാണ് പദ്ധതിയുടെ പ്ലാൻ തയ്യാറാക്കിയത്. 58 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാലുഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുകയെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ. പി. രാജ്‌മോഹൻ പറഞ്ഞു. ആദ്യഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാസർകോട് വികസന പാക്കേജിൽ നിന്ന് അഞ്ച് കോടി അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് രിഹാബിലിറ്റേഷൻ ആണ് സാങ്കേതിക സഹായം നൽകുന്നത്. നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ്.
വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കൽ റീഹാബിലിറ്റേഷൻ, തൊഴിൽ പരിശീലനം, വ്യക്ത്യാധിഷ്ഠിതമായ ശാരീരിക മാനസിക വികസനത്തിനുള്ള കോഴ്സുകൾ, ഷോർട്ട് സ്റ്റേ തുടങ്ങിയ കാര്യങ്ങളാണ് പുനരധിവാസ ഗ്രാമത്തിൽ പരിഗണനയിലുള്ളത് - ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോസഫ് റിബെല്ലൊ