കാസർകോട്: ശംഖ് വളരുകയോ? അതും വലംപിരി ശംഖ്. അത്ഭുതം കൂറേണ്ട. കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിൽപെട്ട കുറുമാണം കോളനിയിലെ വെളുത്തന്റെ വീട്ടിലെ വലംപിരി ശംഖ് വളരുകയാണ്.
കാട്ടുവഴിയിൽ നിന്ന് 18 വർഷം മുൻപാണ് വെളുത്തന്റെ മകന്റെ മകൻ മഹേഷിന് ചെറിയ ശംഖ് കിട്ടിയത്. വീട്ടിലേക്ക് കൊണ്ടുവന്ന് ഓലക്കുടിലിലെ പൂജാമുറിയിൽ ചന്ദനത്തിരി കത്തിച്ചു വയ്ക്കാൻ ഉപയോഗിക്കുകയായിരുന്നു. കുഞ്ഞു ശംഖ് ഇപ്പോൾ വളർന്ന് ഏകദേശം മൂന്ന് കിലോയോളം തൂക്കമായി. ശംഖിന്റെ ദ്വാരത്തിൽ അരലിറ്ററിൽ അധികം വെള്ളം കൊള്ളും.
ശംഖിന്റെ ശിഖരങ്ങളാകട്ടെ കൈവിരൽ പോലെ വളരുന്നുമുണ്ട്. വളരുന്ന ശംഖ് കൗതുകമായെങ്കിലും വീട്ടുകാർ ഇതേവരെ ഇതിനെ പൂജിക്കുവാനോ വിശ്വാസം ചൂഷണം ചെയ്യാനോ തുനിഞ്ഞിട്ടില്ല.
വലംപിരിശംഖ്
ഇന്ത്യ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനെല്ല പെറ്റം എന്ന അപൂർവ്വ ഇനം ഒച്ചിന്റെ വലത്തേക്ക് തിരിയുന്ന പുറം തോടാണ് വലംപിരി ശംഖ്. വീട്ടിൽ ഐശ്വര്യത്തിനും ഭാഗ്യത്തിനും വേണ്ടിയാണ് ഹിന്ദുമത വിശ്വാസികൾ ശംഖ് സൂക്ഷിക്കുന്നത്. ശംഖിൽ വലംപിരി ശംഖാണെങ്കിൽ കേമമായി. ആചാരങ്ങളുമായി ബന്ധപ്പെട്ട് വലംപിരി ശംഖിന് ഏറെ പ്രാധാന്യമാണ് നൽകുന്നത്.