keerthan
കീർത്തന്റെയും സഹോദരങ്ങളുടെയും വീടിന്റെ വൈദ്യുതിയുടെ സ്വിച്ച് ഓൺ ജെ.സി.ഐ കാസർകോട് ഹെറിറ്റേജ് സിറ്റി പ്രസിഡന്റ്‌ സതി.കെ.നായർ നിർവഹിക്കുന്നു

കാസർകോട് : സംസ്ഥാനമൊട്ടാകെ ഓൺലൈൻ ക്ലാസ്സിലേക്ക് ചുവടുമാറ്റിയപ്പോളും മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അക്ഷരങ്ങൾ പെറുക്കിയെടുത്തു കൂട്ടിവായിക്കുകയായിരുന്നു ഒന്നാം ക്ലാസുകാരനായ കീർത്തൻ. കൂട്ടിന് സഹോദരങ്ങളായ കൃതികും കീർത്തനയും. പഠന സാഹചര്യങ്ങൾ ഒന്നുമില്ലാത്ത ഒരു കൊച്ചുവീട്ടിൽ സ്വപ്നങ്ങൾ മെനഞ്ഞ ഈ കുരുന്നുകൾ ഇന്ന് ഏറെ സന്തോഷത്തിലാണ്. സീതാംഗോളി കോടിമൂലയിലുള്ള അവരുടെ വീട്ടിലേക്ക് ഇന്നലെ വൈദ്യുതിയുടെ വെള്ളിവെളിച്ചമെത്തി.

ടെലിവിഷനിലെ നിറമുള്ള കാഴ്ചകൾ കണ്മുന്നിൽ മിന്നിമറഞ്ഞു. നന്മയുള്ള ഒരുകൂട്ടം ആളുകൾ ഒത്തുചേർന്നപ്പോൾ ഇവർ സന്തോഷത്തിലാണ്. പുത്തിഗെ എ.ജെ.ബി സ്കൂളിലെ വിദ്യാർത്ഥികളാണ് കൃതികും, കീർത്തനയും കീർത്തനും. അച്ഛൻ സോമയ്യയും അമ്മ ഭഗീരഥിയും കൂലിപ്പണിക്കാർ. പഠന പുരോഗതി വിലയിരുത്താൻ ചെന്ന സ്കൂൾ അദ്ധ്യാപകരാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞത്. സർക്കാർ പദ്ധതിയിൽ പാതിവഴിയിൽ പൂർത്തിയായ വാതിലും ജനലുമില്ലാത്ത ഒരു വീട്. വൃത്തിയുള്ള ശൗചാലയമില്ല.

പ്രധാനാദ്ധ്യാപിക ആർ. സിന്ധു, അദ്ധ്യാപകൻ ടി.എൻ ഉണ്ണികൃഷ്ണൻ എന്നിവർ ആദ്യദിവസം തന്നെ ഇടപെടുകയായിരുന്നു. സ്കൂൾ അദ്ധ്യാപകർ തൊട്ടടുത്ത ദിവസം തന്നെ വീടിന്റെ വാതിലുകൾ നിർമ്മിച്ചു നൽകി. കെ.എസ്.ഇ.ബിയെ ബന്ധപ്പെട്ട് വൈദ്യുതി നൽകുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി. കെ.എസ്.ഇ.ബി സീതാംഗോളി ഓഫീസിലെ സബ് എൻജിനീയർ എം.എസ് ആദർശിന്റെ അഭ്യർത്ഥനയിൽ ജെ.സി.ഐ കാസർകോട് ഹെറിറ്റേജ് സിറ്റി വീടിന്റെ വയറിംഗ് ജോലികൾ പൂർത്തിയാക്കാൻ മുന്നോട്ടുവന്നു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ടെലിവിഷനും സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ അബൂബക്കർ ഉറുമി ഡിജിറ്റൽ ടിവിയും സംഭാവനയായി നൽകി. ജെ.സി.ഐ ഹെറിറ്റേജ് സിറ്റി പ്രസിഡന്റ്‌ സതി കെ.നായർ വൈദ്യുതിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.