bus
ബസ്

കണ്ണൂർ: ബസ് ചാർജ് വർദ്ധന പ്രാബല്യത്തിൽ വന്ന ഇന്നലെയും ബസ് ഉടമകൾക്ക് നിരാശ മാത്രം. ഉടമകളുടെ ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് ബസ് ചാർജ് വർദ്ധിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിലുള്ള വൻകുറവ് മേഖലയെ സാരമായി ബാധിച്ചുവെന്നാണ് ബസ് ഉടമകൾ പറയുന്നത്. ചാർജ് വർദ്ധിപ്പിച്ചിട്ടും ലോക്ക്ഡൗണിൽ കയറ്റി വച്ച ബസ്സുകളിൽ ഭൂരിഭാഗവും ഇന്നലെ ഒാടിയില്ല.

മിനിമം ചാർജ് വർദ്ധിപ്പിക്കാത്തതിൽ ഉടമകൾക്കിടയിൽ വലിയ പ്രതിഷേധവുമുണ്ട്. എട്ടു രൂപ നിരക്കിൽ രണ്ടര കിലോമീറ്റർ മാത്രം പോകേണ്ടവരാണ് യാത്രക്കാരിൽ കൂടുതലെന്നാണ് ഇവർ പറയുന്നത്. ഗ്രാമീണ മേഖലയിള്ള ബസുകൾക്ക് യാതൊരു നേട്ടവുമില്ല. ഡീസൽ വില കുതിച്ചുയരുന്നതും ഉടമകൾക്ക് തിരിച്ചടിയാവുകയാണ്. എണ്ണയടിക്കാനുള്ള തുക പോലും ഇന്നലത്തെ ഒാട്ടത്തിലൂടെ കിട്ടിയില്ലെന്നാണ് പലരും പറയുന്നത്.

സാധാരണ 2500 രൂപ കിട്ടുന്ന സ്ഥാനത്ത് ചാർജ് വർദ്ധിപ്പിച്ച ആദ്യ ദിവസം 500 രൂപ മാത്രം കിട്ടിയ ഉടമകളുമുണ്ട്. എണ്ണയ്ക്ക് പുറമെ ജീവനക്കാരുടെ ശമ്പളം കൊടുക്കാനും പണം കണ്ടെത്തേണ്ടതുണ്ട്. കൊവിഡ് കേസുകൾ കൂടുന്നതിനനുസരിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ദിനംപ്രതി കുറവ് വരുന്നുണ്ടെന്നാണ് മേഖലയിലുള്ളവരുടെ അഭിപ്രായം. രാവിലെയും വൈകീട്ടും മാത്രമാണ് ചുരുക്കം ചില ബസുകളിൽ യാത്രക്കാരെ കിട്ടുന്നത്. ഉച്ചസമയങ്ങളിൽ യാത്രക്കാർ ഇല്ലാത്തതിനാൽ ബസ്സുകളുടെ എണ്ണവും കുറവാണ്. തുടർന്നുള്ള ദിവസങ്ങളിൽ പ്രതിസന്ധികൾ മാറിക്കിട്ടുമെന്ന പ്രതീക്ഷയാണ് ഇവർക്ക്. വരുമാനത്തിൽ വർദ്ധനവ് വരുന്നില്ലെങ്കിൽ ബസ്സുകൾ വീണ്ടും കയറ്റിവയ്ക്കാനാണ് ഉടമകളുടെ തീരുമാനം.

യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തം

ഒാ‌ർക്കാപുറത്തുണ്ടായ ചാർജ് വർദ്ധനവ് യാത്രക്കാർക്കിടയിൽ വലിയ പരാതിക്കിടയാക്കുകയാണ്. സാധാരണ കൊടുക്കുന്നതിൽ നിന്നും എട്ടും ഒമ്പതും രൂപയാണ് ഇന്നലെ മുതൽ കൂടുതലായി കൊടുക്കേണ്ടിവന്നത്. ദിവസേന ബസ് മാത്രം ആശ്രയിക്കുന്ന സാധാരണ യാത്രക്കാർക്ക് ഇതു വലിയ തിരിച്ചടിയാവുകയാണ്. നിലവിൽ രണ്ടര കിലോമീറ്റർ സഞ്ചരിക്കുന്നതിന് മാത്രമാണ് 8 രൂപ നിരക്ക്. അഞ്ചു കിലോമീറ്റർ സഞ്ചരിക്കുന്നതിന് പത്തുരൂപയാണ്. ഏഴര കിലോമീറ്ററിന് പതിമൂന്ന് രൂപയും പത്തുകലോമീറ്ററിന് പതിനഞ്ചു രൂപയും നൽകണം. പന്ത്രണ്ടര കിലോമീറ്ററിന് പതിനേഴ് രൂപയും. പതിനഞ്ച് കിലോമീറ്ററിന് പത്തൊൻപതു രൂപയും നൽകണം.

ബൈറ്റ്.....

നിലവിലെ ചാർജ് വർദ്ധനവിലൂടെ യാതൊരു ഗുണവുമില്ല. മിനിമം ചാർജ് വർദ്ധിപ്പിച്ചിട്ടില്ല. അതുപോലെ വിദ്യാർത്ഥികളുടെ യാത്രാ നിരക്കും വർദ്ധിപ്പിച്ചിട്ടില്ല. ഡീസൽ വില കുതിച്ചുയരുകയാണ്. യാത്രക്കാർ ദിവസേന കുറയുന്നു. ഒന്നുമില്ലാത്ത അവസ്ഥയ്ക്ക് ചെറിയ മെച്ചം മാത്രം.

രാജ് കുമാർ കരുവാരത്ത്, കണ്ണൂർ ജില്ലാ ബസ് ഒാപ്പറേറ്റേഴ്സ് അസോ. ജില്ലാ സെക്രട്ടറി