കാസർകോട് : സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനം നൽകുന്ന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ഓഫീസുകൾ കാര്യക്ഷമമാക്കാൻ നടപടിയായില്ല.താലൂക്ക് തലത്തിൽ ഓഫീസുകൾ സജീവമാക്കി പ്രവർത്തനം കാര്യക്ഷമമാക്കുന്നതടക്കമുള്ള ശിപാർശകളാണ് ഇപ്പോഴും വെളിച്ചം കാത്തുകിടക്കുന്നത്.
പിഴ, റോയൽറ്റി, ലൈസൻസ് ഫീസുകൾ തുടങ്ങിയ ഇനങ്ങളിൽ പ്രതിവർഷം 200 കോടി രൂപയോളമാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് സർക്കാർ ഖജനാവിലേക്ക് എത്തിക്കുന്നത്. ശിപാർശകൾ നടപ്പിലാക്കിയാൽ വരുമാനം 500 കോടിയിലേക്ക് എത്തിക്കാനാകുമെന്നും കോടികളുടെ നഷ്ടം വരുത്തിവെക്കുന്ന അനധികൃത ധാതുക്കടത്ത് തടയാനും സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
വകുപ്പ് മന്ത്രിയുടെ ഓഫീസിലോ ഡയറക്ട്രേറ്റിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ അലമാരയിലോ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നതെന്ന് വ്യക്തമല്ല.
ഖനന ഭൂഗർഭ വകുപ്പിന്റെ ജില്ലാതല ഓഫീസുകളിൽ നിലവിൽ ഒരു ജിയോളജിസ്റ്റ്, ഒരു അസി. ജിയോളജിസ്റ്റ്, ക്ലർക്ക്, ടൈപ്പിസ്റ്റ്, പ്യുൺ,ഡ്രൈവർ തസ്തികയിലാണ് ജീവനക്കാരുള്ളത്. സാങ്കേതിക വിദഗ്ധരോ, മിനറൽ റവന്യു ഇൻസ്‌പെക്ടർമാരോ എവിടെയുമില്ല. അനധികൃത ധാതുക്കടത്ത് പിടിക്കാനുള്ള അധികാരം ജിയോളജിസ്റ്റിനും അസി. ജിയോളജിസ്റ്റിനും മാത്രമാണ്. പല ഇടങ്ങളിലും അനധികൃത കടത്ത് നടക്കുന്നുണ്ടെങ്കിലും ഒരു പഴഞ്ചൻ വാഹനവുമാണ് ജില്ലാതല ഓഫീസുകളിലുള്ളത്. മിനിസിറ്റീരിയൽ ജീവനക്കാരുടെ എണ്ണം കുറവായത് കാരണം നോട്ടീസ് അയക്കലും പിഴ അടപ്പിക്കലും റവന്യു റിക്കവറി നടപടികൾ പൂർത്തിയാക്കലുമൊന്നും ഓഫീസുകളിൽ എളുപ്പം നടത്താൻ കഴിയുന്നില്ല.
ധാതുകടത്ത് പിടിക്കാൻ മൂന്ന് സ്കോഡുകൾ മാത്രം
ധാതുക്കടത്ത് പിടിക്കാനുള്ള സ്‌കോഡുകളുടെ കഥ അതിലും വിചിത്രമാണ്. അഞ്ച് ജില്ലകൾക്ക് ഒരു സ്‌കോഡ് എന്ന നിലയിൽ കേരളത്തിലാകെ മൂന്ന് സ്‌കോഡുകളാണുള്ളത്. വെറും രണ്ട് ഉദ്യോഗസ്ഥർ വീതമുള്ള ഈ മൂന്ന് സ്‌കോഡുകളാണ് കേരളം മുഴുവൻ ചുറ്റി അനധികൃത ചെങ്കല്ലും കരിങ്കല്ലും മണലും ഖനനം ചെയ്തു കടത്തുന്നത് പിടിക്കുന്നത്.താലൂക്ക് കേന്ദ്രങ്ങളിൽ ഓഫീസുകൾ തുടങ്ങിയാൽ അനധികൃത ധാതുക്കടത്തുകൾ നിയന്ത്രിക്കാനും റവന്യു വരുമാനം കൂട്ടാനും കഴിയുമെന്നാണ് പ്രധാന ശിപാർശകൾ.
പ്രധാന ശിപാർശകൾ
ജിയോളജിസ്റ്റ് , അസി. ജിയോളജിസ്റ്റ്, മിനറൽ റവന്യു ഇൻസ്‌പെക്ടർ, മിനിസ്റ്റീരിയൽ സ്റ്റാഫ് തുടങ്ങിയ ജീവനക്കാരുടെ കുറവ് നികത്തൽ
താലൂക്കുകൾ തോറും സബ് ഓഫീസുകൾ
സ്‌കോഡുകളുടെ എണ്ണം വർദ്ധിപ്പിക്കൽ
പരിശോധന സംവിധാനം കാര്യക്ഷമമാക്കൽ
ബൈറ്റ്
കാസർകോട് നിന്ന് മാത്രം വർഷത്തിൽ 12 കോടിയുടെ വരുമാനം കിട്ടുന്നുണ്ട്. ഇതിന്റെ ഇരട്ടി ലഭിക്കുന്ന ജില്ലകളുമുണ്ട്. സംവിധാനങ്ങൾ മെച്ചപ്പടുത്തുകയും സബ് ഓഫീസുകൾ തുടങ്ങുകയും ചെയ്താൽ വരുമാനം കൂട്ടാൻ കഴിയും. സ്ഥിരമായി പരിശോധന നടത്തി ധാതുക്കടത്ത് കുറയ്ക്കാനും ഉപകരിക്കും. പരിസ്ഥിതിക്ക് വലിയ കോട്ടം തട്ടാതെ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ഖനനം നടത്താൻ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണം.