തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസിനായി ഏറ്റെടുക്കുന്ന കീഴാറ്റൂർ വയലിൽ നഷ്ടപരിഹാരം സെന്റിന് മൂന്ന് ലക്ഷം രൂപ വരെ. കീഴാറ്റൂർ വയൽ റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നതിൽ കടുത്ത പ്രതിഷേധമുയർന്നെങ്കിലും ഇതൊക്കെ കെട്ടടങ്ങി സമരക്കാരുൾപ്പെടെ രേഖകൾ കൈമാറിയിരുന്നു. ഇവരുൾപ്പെടെയുള്ളവരുടെ നഷ്ടപരിഹാരമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
കീഴാറ്റൂർ വയൽ ഉൾപ്പെടെ സ്ഥലം ഏറ്റെടുക്കുന്ന നടപടി ഈമാസം 31 ഓടെ പൂർത്തിയാകും. ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 17 മുതൽ ഭൂ ഉടമകൾക്ക് നഷ്ടപ രിഹാരം വിതരണം ചെയ്യും. ഭൂമിയുടെ വില സർക്കാർ നിശ്ചയിച്ചതിൽ കുപ്പം, കുറ്റിക്കോൽ, കീഴാറ്റൂർ പ്രദേശത്തെ പൂർണ്ണമായും വയലായ ഭൂമിക്ക് അടിസ്ഥാന വില സെന്ററിന് 1,29,689 രൂപയാണ്. എന്നാൽ ഇതിന്റെ ഇരട്ടി തുകയായ 2,59,37 രൂപയും പലിശയും ആണ് ഭൂഉടമകൾക്ക് ലഭിക്കുക.
ഭാഗികമായി കരയും വയലും ഉൾപ്പെട്ട ഭൂമിയാണെങ്കിൽ അടിസ്ഥാനവില 1,66,743 രൂപയും ഇതിന്റെ ഇര ട്ടിയായ 3,33,486 രൂപയും ഭൂമിയിൽ ഫലവൃക്ഷാദികളുണ്ടെങ്കിൽ അതിന്റെ വിലയും കെട്ടിടമുണ്ടെങ്കിൽ അതും പിന്നെ പലിശയുമടക്കമുള്ള തുക ലഭിക്കും. പൂർണ്ണമായും കര ഭൂമിയാണെങ്കിൽ 1,85,270 രൂപ അടിസ്ഥാന വില കണക്കാക്കി ഇരട്ടി വിലയായ 3,70,540 രൂപയും മറ്റ് നഷ്ടപരിഹാരവും കൂട്ടിയ തുക യാണ് ലഭിക്കുക.
കുറ്റിക്കോൽ, കുപ്പം ദേശീയപാതയ്ക്ക് സമീപത്തെ സ്ഥലത്തിന് ഇതിലും കൂടുതൽ തുക നിശ്ചയിക്കും.
സ്ഥലമെടുപ്പ് നടപടി 31 ഓടെ പൂർത്തീകരിക്കും
നിശ്ചയിച്ച വിലയുടെ ഇരട്ടിയും കെട്ടിട- ഫലവൃക്ഷാദികളുടെയും നഷ്ടപരിഹാരം ലഭിക്കും
കൂടുതൽ വില ദേശീയപാതയ്ക്കരികിലെ ഭൂമിക്ക്
നിശ്ചയിച്ച വില
വയൽഭൂമി 1,29,689
വയലും കരയും ഉൾപ്പെട്ടവ 1,66,743
പൂർണമായും കരഭൂമി 1,85,270
നടപടികൾ വേഗത്തിൽ
തളിപ്പറമ്പ് മിനിസിവിൽ സ്റ്റേഷനിലെ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഓഫീസാണ് ഹിയറിംഗ് കേന്ദ്രം. ഡെപ്യൂട്ടി കളക്ടർ മാവില നളിനിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. ശനിയാഴ്ചകളിലടക്കം പ്രവൃത്തി നടക്കുന്നുണ്ട്. ജില്ലയുടെ മൊത്തം പ്രവർത്തനം മോണിറ്ററിംഗ് നടത്തുന്നത് തളിപ്പറമ്പ് സബ് കളക്ടർ ഇലക്യയാണ്.