കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഐ.സി.ഐ.സി.ഐ ബാങ്കിൽ അടച്ച 25 ലക്ഷം രൂപ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനായി സൈബർ സെൽ ഉദ്യോഗസ്ഥർ ബാങ്കിലെത്തി. തങ്ങൾക്ക് നഷ്ടപ്പെട്ട തുക കിട്ടാൻ നടപടി തേടി ഹൊസ്ദുർഗ് ബാങ്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി കോഴിക്കോട് ആസ്ഥാനമായുള്ള സൈബർ സെല്ലിനെ കേസന്വേഷിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു.

അതു പ്രകാരമാണ് ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ ബാങ്കിലെത്തിയത്.ബാങ്ക് സെക്രട്ടറി, അക്കൗണ്ടൻറ് തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇക്കഴിഞ്ഞ നവംബറിലാണ് ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് ഉത്തരേന്ത്യക്കാരനായ യുവാവ് കാൽ കോടി തട്ടിയെടുത്തത്. പണമടച്ച് നിമിഷങ്ങൾക്കകം തന്നെ അത്രയും ഹാക്ക് ചെയ്തിരുന്നു. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല. ഹൈക്കോടതി കേസ് തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സൈബർ സെല്ലിനോടാവശ്യപ്പെട്ടത്.