കാസർകോട്: ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശങ്കയുടെ മുൾമുനയിൽ മംഗളൂരു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ എം.എൽ.എയും മലയാളികളായ അഞ്ചു റെയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു.
സിറ്റി നോർത്ത് എം.എൽ.എയും ഡോക്ടറുമായ വൈ. ഭരത് ഷെട്ടിക്കാണ് കൊവിഡ് പോസിറ്റീവായത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ രാമചന്ദ്ര ബായാർ, താലൂക്ക് മെഡിക്കൽ ഓഫീസർ സുജയ് ഭണ്ഡാരി എന്നിവർക്കും കൊവിഡ് പോസിറ്റീവായി. ഇവരൊടൊപ്പം കഴിഞ്ഞദിവസം വരെ ഒട്ടേറെ യോഗങ്ങളിൽ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, നളിൻകുമാർ കട്ടീൽ എം.പി, വേദവ്യാസ കാമത്ത് എം.എൽ.എ, ഡെപ്യൂട്ടി കമ്മിഷണർ സിന്ധു ബി. രൂപേഷ്, വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയാണിപ്പോൾ.
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരായ മലയാളികൾക്കാണ് കൊവിഡ് പോസിറ്റീവായത്. നേരത്തെ രണ്ട് ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ചൊവ്വാഴ്ച സ്രവം ശേഖരിച്ച നാല് മെക്കാനിക്കൽ ജീവനക്കാരുടെയും ഒരു ഇലക്ട്രിക്കൽ ജീവനക്കാരന്റെയും പരിശോധനാഫലം കഴിഞ്ഞ ദിവസം എത്തിയതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ആദ്യം രോഗം ബാധിച്ച ജീവനക്കാരനുമായി സമ്പർക്കത്തിലുണ്ടായിരുന്നവരാണ്. എല്ലാവരും ഒരേ റെയിൽവേ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നതും. കൊവിഡ് വ്യാപനം കൂടിയതോടെ മംഗളൂരു റെയിൽവേ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം രണ്ടുദിവസമായി നിർത്തിവെച്ചിരിക്കുകയാണ്. അതിനിടെ കൊവിഡ് പോസിറ്റിവ് ആയ ജീവനക്കാർ മറ്റു പലസ്ഥലങ്ങളിലും പോയിരുന്നുവെന്ന വിവരം പുറത്തുവന്നതാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്. മംഗളുരുവിലുള്ള മലയാളി റെയിൽവെ ജീവനക്കാർ നാട്ടിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. ഇവരോട് കർശന നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.