കൂത്തുപറമ്പ്: കൂത്തുപറമ്പ് അഗ്നിശമന സേന ജീവനക്കാർ പ്രളയത്തെ നേരിടാൻ കൂടുതൽ ആത്മവിശ്വാസം നേടുകയാണ്. സ്വന്തമായി റാഫ്റ്റ് ബോട്ട് നിർമ്മിച്ച് കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ് അഗ്നിശമന സേന. കഴിഞ്ഞ രണ്ടു തവണയും പ്രളയം ജനങ്ങളെ വിഴുങ്ങിയപ്പോൾ ഇതിന്റെ അപര്യാപ്തത കൂത്തുപറമ്പ് അഗ്നിശമന സേനയെ ബാധിച്ചിരുന്നു. ഇതിനാണ് പരിഹാരമായിരിക്കുന്നത്.
നാട്ടുകാർ എത്തിച്ചു നൽകിയ ചെറുവള്ളങ്ങളായിരുന്നു നേരത്തെ ഫയർഫോഴ്സിന് ആശ്രയം. കഴിഞ്ഞ കാലങ്ങളിലെ ദുരനുഭങ്ങൾ ഇനിയും ഉണ്ടാകരുതെന്ന വാശിയാണ് റാഫ്റ്റ് ബോട്ട് നിർമ്മിക്കാൻ ജീവനക്കാരെ പ്രേരിപ്പിച്ചത്. അതോടൊപ്പം പ്രളയത്തെ നേരിടാൻ പരമാവധി മുൻകരുതലുകൾ സ്വീകരിക്കണമെന്ന ഫയർ ആൻഡ് സ്ക്യു ഡിപ്പാർട്ട്മെൻ്റിന്റെ മുന്നറിയിപ്പും പരിഗണിച്ചു.
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ എ. രതീശൻ, ദീപു കുമാർ, ഫയർ ഓഫീസർമാരായ എൻ.പി. സതീശ്, പി.കെ. വിനീഷ്, മോഹനൻ, സിവിൽ ഡിഫൻസ് വളണ്ടിയർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാഫ്റ്റ് നിർമ്മാണം.
ചെലവ് 10,000 രൂപ
നാല് പേർക്ക് കയറാവുന്നതാണ് കൂത്തുപറമ്പിൽ നിർമ്മിച്ച കുഞ്ഞൻ റാഫ്റ്റ് ബോട്ട്. നാട്ടിൽ സുലഭമായി ലഭിക്കുന്ന പി.വി.സി. പൈപ്പ്, ഏതാനും ട്യൂബുകൾ, ഫ്ലൈവുഡ് എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം.75 കിലോയോളം തൂക്കം വരുന്ന റാഫ്റ്റ് ബോട്ടിന്റെ നിർമ്മാണത്തിന് 10,000 ത്തോളം രൂപയാണ് ചെലവായതെന്ന് ജീവനക്കാർ പറഞ്ഞു.