പയ്യന്നൂർ: പാണത്തൂർ ബളാംതോടിൽ കൂടെ ജോലി ചെയ്യുന്നയാളുടെ ബൈക്കുമായി കടന്ന ഇതര സംസ്ഥാന തൊഴിലാളി പയ്യന്നൂരിൽ പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ധരിയാപ്പൂർ സ്വദേശി സൈദുൽ ആലമി (39) യെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 30 ന് പ്രതി , കൂടെ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നിലെ ജഗീഷിന്റെ ബൈക്കു മോഷ്ടിച്ചു കടന്നതായാണ് പരാതി. പയ്യന്നൂരിലെത്തി തായിനേരിയിൽ മറ്റ് ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പം താമസിക്കവെയാണ് പിടിയിലായത്. രാജപുരം പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി പയ്യന്നൂരിലുണ്ടെന്ന വിവരം ലഭിച്ചു. ഈ വിവരം പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു.