വ്യാപാര സ്ഥാപനങ്ങൾക്ക് പെരുമാറ്റച്ചട്ടം


കണ്ണൂർ: ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ ശക്തമായ പെരുമാറ്റച്ചട്ടം ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഹാർബറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും ഉൾപ്പെടെ സാമൂഹിക അകലം പാലിക്കാതെ കൂടിനിൽക്കുന്നത് ശക്തമായി തടയും. സാനിറ്റൈസർ, മാസ്‌ക് എന്നിവയുടെ ഉപയോഗം കർശനമാക്കും. ഇടവിട്ട ദിവസങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിന്റെ ഭാഗമായി നടപ്പിൽവരുത്തും. ഒരു സ്ഥാപനത്തിൽ ഒരു സമയത്ത് അഞ്ചിൽ കൂടുതൽ ആളുകൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രവേശന കവാടത്തിൽ സൈനിറ്റൈസർ, സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ടോ എന്നും പരിശോധിക്കണം.
നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ബന്ധപ്പെട്ട പൊലിസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒയ്ക്കും കളക്ടർ നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശനമായ നടപടികൾ സ്വീകരിക്കും.
നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ മാർക്കറ്റുകൾ, ടൗണുകൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങിയ പൂർണമായും അടച്ചിടുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പു നൽകി.
കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടർ ടി.വി സുഭാഷ്, എ.ഡി.എം ഇ.പി മേഴ്സി, ഡി.എം.ഒ ഡോ. കെ. നാരായണ നായിക്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഏഴു വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ
ജില്ലയിലെ ഏഴു തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കോളയാട് 14, മയ്യിൽ 11, പെരളശ്ശേരി 6, പാനൂർ 33, പിണറായി 9, മുഴപ്പിലങ്ങാട് 2, പെരിങ്ങോം വയക്കര 12 എന്നീ വാർഡുകളാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ.